കൊച്ചി: മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഹൈക്കോടതിയിൽനിന്നും കനത്ത തിരിച്ചടി. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹർജി തള്ളിയത്.
ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ രാജിവച്ചു. തന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്റെ വാദം. ലോകായുക്ത റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല് മാനേജർ തസ്തികയിൽ ബന്ധു കെ.ടി. അദീബിനെ മന്ത്രി കെ.ടി. ജലീല് നിയമവിരുദ്ധമായി നിയമിച്ചെന്നും മന്ത്രിസ്ഥാനത്ത് തുടരാന് ജലീല് യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല് മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില് മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.
മന്ത്രി പദവി സ്വകാര്യ താല്പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തി. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി.