ജോണ്സണ് വേങ്ങത്തടം
കോട്ടയം: എൽഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയപരമായി ഗുണം ചെയ്യുന്ന പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും സിപിഎം പിൻമാറുന്നതോടെ കെ.ടി. ജലീൽ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സിപിഎമ്മിന്റെ പ്രധാനപരിപാടികളിൽ നിന്നും കെ.ടി. ജലീലിനെ മാറ്റി നിർത്തുമെന്നസൂചനയും പുറത്തു വരുന്നു.
ഈ വിഷയത്തിൽ ജലീലിന് സിപിഎമ്മിന്റെ പിന്തുണയില്ല എന്നതാണ് പലരേയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അതിനു പിറകെ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ഒടുവിൽ സഹകരണ മന്ത്രി വി.എൻ വാസവനും ഇക്കാര്യത്തിൽ അടിവരയിട്ട് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
എആർ സഹകരണ ബാങ്കിലേത് ഒരു സഹകരണ ബാങ്ക് തിരിമറി മാത്രമാണോ അതോ, ജലീൽ ആരോപിക്കപ്പെടുന്നതുപോലെ വൻ കള്ളപ്പണ ഇടപാണോ എന്നതു വഴിയേ തെളിഞ്ഞുവരേണ്ടിവരും. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് മറ്റു പല ആരോപണങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു ജലീലിൽ അടുക്കുന്നതോടെ സിപിഎമ്മിനു കനത്ത പ്രഹരമാകുന്ന സൂചന പുറത്തു വന്നതോടെ സിപിഎം -ജലീൽ ബന്ധം ഉലയുകയാണ്.
കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചാൽ
പി.കെ. കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്പോൾ സ്വന്തം ചുവട്ടിലെ മണ്ണ്് ഒലിച്ചു പോകുമെന്നു സിപിഎം നേതാക്കൾ മനസിലാക്കി കഴിഞ്ഞു. കേരളത്തിലെ സഹകരണബാങ്കുകളിലെ കള്ളപ്പണക്കേസുകളും പണം തിരിമറികളും അന്വേഷിക്കാൻ ഇഡി രംഗത്തിറങ്ങാൻ ഒരുങ്ങുന്പോഴാണ് ജലീലിന്റെ ആരോപണം വരുന്നത്.
കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളോട് സിപിഎമ്മിന് പൊതുവേ അതൃപ്തിയാണുള്ളത്.
പ്രത്യേകിച്ചും സഹകരണ മേഖലയിൽ ഇഡി അന്വേഷണത്തിനിറങ്ങിയാൽ അതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക സർക്കാരിനും ഉണ്ട്. നേരത്തേ സ്വർണക്കടത്ത് കേസിൽ ഇഡി നടത്തിയ നീക്കങ്ങൾ സിപിഎമ്മിനേയും സർക്കാരിനേയും വലിയ പ്രതിസന്ധികളിലേക്കു തള്ളിവിട്ടിരുന്നു.
കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി രാഷ്ട്രീയക്കളിയാണ് ഇഡി നടത്തുന്നത് എന്ന ആക്ഷേപവും ഉണ്ട്. കുഞ്ഞാലിക്കുട്ടി തിരിമറി നടത്തിയെന്നആരോപിക്കുന്ന ബാങ്കിനെതിരേയുള്ള അന്വേഷണത്തിനു പിന്തുണ നൽകിയാൽ സംസ്ഥാനത്തെ ഭൂരിപക്ഷം ബാങ്കുകളും ഭരിക്കുന്ന സിപിഎം നേതാക്കൾ അഴിക്കുള്ളിലേക്കു എറിയപ്പെടുമെന്ന വിവരം സിപിഎമ്മിനുണ്ട്. ഇതിനെ തടയിടാനാണ് സിപിഎമ്മിന്റെ ശ്രമം.
ഇതിനകം കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതു കൂടാതെ സിപിഎം ഭരിക്കുന്ന പത്തോളം ബാങ്കുകളിൽ അന്വേഷണത്തിനുള്ള നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയാറെടുത്തു കഴിഞ്ഞു.
ഇതിനിടയിലാണ് സഹകരണപ്രസ്ഥാനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം നടക്കുന്നത്. ഇതിനെല്ലാം സിപിഎം എതിരുനിൽക്കുന്ന സാഹചര്യത്തിലാണ് ജലീൽ ആരോപണവുമായി ഇഡിക്കു മുന്നിലേക്കു പോകുന്നത്.
വിവാദങ്ങളിൽ രക്ഷകനായത്…
സിപിഎം അംഗമല്ലെങ്കിലും പല പാർട്ടി നേതാക്കളേക്കാളും മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പമുള്ള നേതാവാണ് കെടി ജലീൽ. വലിയ വിവാദങ്ങളിൽ പെട്ടെപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ സംസ്ഥാന സർക്കാർ എതിർക്കുന്ന ഇഡിയെ മുന്നിൽ നിർത്തിയുള്ള ജലീലിന്റെ പോരാട്ടത്തെയാണ് സിപിഎം എതിർക്കുന്നത്. പിണറായി വിജയൻ തള്ളിപ്പറഞ്ഞിട്ടും ജലീൽ ഇഡിക്കു മുന്നിലേക്കു പോകുന്നതും ഞെട്ടലോടെ നോക്കി കാണുന്നവരുണ്ട്. ഇതു ജലീലിനു പുറത്തേക്കുള്ള വഴിതുറന്നു കൊടുക്കുകയാണ്.
എആർ നഗർ വിഷയത്തിൽ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും എത്തിയതിനു പിന്നിൽ മറ്റുചില ലക്ഷ്യങ്ങളുണ്ടെന്നാണ് മറ്റൊരു ആരോപണം.
പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്േറയും അവിശുദ്ധ ബന്ധത്തിനുള്ള തെളിവാണിത് എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയോട് വ്യക്തി വൈരാഗ്യം തീർക്കുന്നതിനോട് യോജിപ്പില്ല എന്ന നിലപാട് ഈ സംശയം ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യും.
വ്യക്തിവൈരാഗ്യം തീർക്കും മട്ടിൽ ഒരു നടപടിയും ഉണ്ടാവുകയില്ലെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. എന്നാൽ മുൻഡിജിപി സെൻകുമാർ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ വ്യക്തിവൈരാഗ്യം നിലനിന്നതും ഉന്നയിക്കപ്പെടുന്നുണ്ട്.
അടുത്തകാലത്തു സീപിഎമ്മിൽ ഒറ്റപ്പെടുന്ന ജലീൽ പുതിയ മേച്ചിൻപ്പുറംതേടുന്നുവെന്ന വാർത്തയും പുറത്തു വരുന്നുണ്ട്. മുസ്ലീംലീഗിലെ തങ്ങൾ കുടുംബവുമായിട്ടുള്ള ബന്ധമാണ് ഇത്തരമൊരു വാർത്തയ്ക്കു പിന്നിലുള്ളത്.