മലപ്പുറം: ബീഫിന്റെ പേരിൽ ഗോരക്ഷകർ തന്നെ കൊല്ലാൻ വരികയാണെങ്കിൽ വെടിവച്ചു കൊന്നുതരണമെന്ന് മന്ത്രി കെ.ടി.ജലീൽ. എന്നാലതു നടുറോഡിലിട്ടു പേപ്പട്ടിയെ തല്ലിച്ചതക്കുന്നതു പോലെയാകരുത്. അതു മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്.
ബീഫിന്റെ പേരിൽ 28 പേർ രാജ്യത്തു കൊല്ലപ്പെട്ടു. പശുവിന്റെ പേരിൽ ഇനി കൊല പാടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു മണിക്കൂറുകൾക്കകം ഇരുപത്തിയൊൻപതാമത്തെ ആളും കൊല്ലപ്പെട്ടു. കേരളത്തിൽ ഈ അവസ്ഥയില്ല. മലപ്പുറം ജില്ലയിൽ അടുത്തിടെ ക്ഷേത്രം ആക്രമിക്കപ്പെട്ട കേസിൽ ഉടൻതന്നെ പ്രതിയെ പിടിക്കാൻ കഴിഞ്ഞു.
അല്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നും മന്ത്രി ചോദിച്ചു. തകർക്കപ്പെടുന്ന ആരാധാനാലയങ്ങൾ പുനർനിർമിക്കാൻ സംഘടനകൾക്ക് അതീതമായ യോജിപ്പുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ നിരാലംബരായ വനിതകൾക്കുള്ള ഇന്പിച്ചിബാവ ഭവനനിർമാണ പദ്ധതി ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.