കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമന വിവാദത്തിൽ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യമന്ത്രിയെ ഉൾപ്പെടെ ജലീൽ ബ്ലാക്മെയിൽ ചെയ്തെന്നും ഇതിൽ ഭയന്നാണ് അന്വേഷണം പ്രഖ്യാപിക്കാൻ മടിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.
കോടതി വിധി പ്രതികൂലമായി ബാധിക്കും എന്നു ഭയന്നാണു കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയിൽനിന്നു ലഭിക്കാത്തത്. ബ്ലാക്മെയിൽ ചെയ്തത് സംബന്ധിച്ചു കൃത്യമായ വിവരം യൂത്ത് ലീഗിനു ലഭിച്ചിട്ടുണ്ട്. അത് ഉടൻ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ കെ.ടി.അദീബിനെ യോഗ്യതയിൽ ഇളവ് നൽകി ജലീൽ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ഉയർന്ന ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും ആരോപണമുയർന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്വയം ഭരണാധികാര സ്ഥാപനമല്ലാത്തതിനാൽ പഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ അനുമതി നിയമനത്തിന് അത്യാവശ്യമാണ്.
വിവാദത്തെ തുടർന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനം കെ.ടി.അദീബ് രാജിവച്ചു. അതേസമയം, കോടതിയോ അന്വേഷണ ഏജൻസികളോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മാത്രം ജലീലിനെതിരേ നടപടി ആലോചിച്ചാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട്. ജലീലിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി രംഗത്തെത്തിയിരുന്നു.