സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരേ നിരന്തരം ആരോപണവും തെളിവുകളുമായി യൂത്ത് ലീഗും മുസ്ലിം ലീഗും രംഗത്തെത്തുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പോരാട്ടത്തിനിറങ്ങാത്തതില് പ്രതിഷേധം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് ര േമശ് ചെന്നിത്തലയും പ്രസ്താവനകളുമായി രംഗത്തുണ്ടെങ്കിലും ശക്തമായ നിലപാടുകളിലേക്ക് കടക്കുന്നില്ലെന്നാണ് യൂത്ത്ലീഗ് നേതാക്കളുടെ പ്രധാന പരാതി.
യൂത്ത് കോണ്‍ഗ്രസ് പോലും ശക്തമായ സമരത്തിന് തയാറാകുന്നില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് നേതാക്കള്‍ തിരക്കിലാണ്. ഇതാണ് പ്രതിഷേധം പ്രസ്താവനയില്‍ മാത്രം ഒതുക്കാന്‍ കാരണമെന്നാണ് അറിയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജലീല്‍ വിഷയം പരിഗണിക്കുന്നുണ്ട്. സിപിഎം നിലപാട് കൂടി പുറത്തുവന്നശേഷം പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം. അതേസമയം പരിപൂര്‍ണ പിന്തുണയുമായി ഇന്നലെ മുസ്ലിം ലീഗ് രംഗത്തെത്തുകയും പുതിയ ആരോപണം ജലീലിനെതിരേ ഉന്നയിക്കുകയും ചെയ്തു. ഇനി ഈവിഷയത്തില്‍ പിന്നോട്ടില്ലെന്നാണ് മുസ്ലിം ലീഗ് നിലപാട്.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം അട്ടിമറിച്ച ഉദ്യോഗസ്ഥനെ മന്ത്രി സംരക്ഷിച്ചുവെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎല്‍എയുടെ ആക്ഷേപം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ടെര്‍മിനേറ്റ് ചെയ്ത യുഡി ക്ലര്‍ക്ക് വി.രാമകൃഷ്ണനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം തിരിച്ചെടുത്തുവെന്ന് എംഎല്‍എ ആരോപിച്ചു.
146 കേസുകളാണ് തണ്ണീര്‍ത്തടം നികത്തി ബില്‍ഡിംഗുകള്‍ ഉള്‍പ്പെടെ കെട്ടിപ്പൊക്കിയതുമായിബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇയാളെ ടെര്‍മിനേറ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് 2017 ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ ജൂണ്‍ 14ന് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു.യാതൊരുവിധ അന്വേഷണം നടത്താനോ ഫയലുകള്‍ പരിശോധിക്കാനോ നിര്‍ദേശിക്കാതെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു മന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുമായാണ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്. ജലീലിന്റെ കാപട്യം തുറന്നുകാണിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും എംഎല്‍എ അറിയിച്ചു. എന്തായാലും മുസ്ലിം ലീഗിന് ഏറെ അനഭിമതനായ ജലീലിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള തത്രപ്പാടിലാണ് പ്രവര്‍ത്തകര്‍ . ജീലിലിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് നേതാക്കള്‍ നല്കുന്ന വിവരം.