കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ മൊഴി വിശദമായി പരിശോധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വര്‍ണക്കടത്ത്, പ്രോട്ടോകോള്‍ ലംഘനം എന്നിവയുമായി ബന്ധപെട്ട് അതീവ രഹസ്യമായി നടന്ന ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാതെ അധികൃതരും.
ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടത്തിയ ചോദ്യം ചെയ്യലില്‍ അധികൃതര്‍ മന്ത്രിക്കു ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. പല ചോദ്യങ്ങളില്‍നിന്നും കൃത്യമായ ഉത്തരം നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറിയെന്നും സൂചനകളുണ്ട്.
മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.വിദേശത്തുനിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതും സംബന്ധിച്ചാണു പ്രധാനമായും ജലീലിനോടു ചോദിച്ചതെന്നാണു സൂചന.
യുഎഇ കോണ്‍സലേറ്റ് ജനറലുമായും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു. ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മന്ത്രിയെ ഇനിയും വിളിച്ചുവരുത്തുമെന്നാണു വിവരങ്ങള്‍.
ഇന്നലെ രാവിലെ 9.30 മുതല്‍ കൊച്ചിയില്‍ നടന്ന ചോദ്യംചെയ്യല്‍ ഉച്ചവരെ നീണ്ടു. അതീവരഹസ്യമായി നടന്ന ചോദ്യംചെയ്യല്‍ എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് വൈകുന്നേരത്തോടെ വെളിപ്പെടുത്തിയത്.
അറിഞ്ഞുകൊണ്ടു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടിയാണു മന്ത്രി കൊടുത്തതെന്നാണ് അറിയുന്നത്. ഇതു മുഖവിലയ്ക്കെടുക്കാതെ എന്‍ഫോഴ്സമെന്റ് പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന് ബിനീഷ് കോടിയേരിയെ കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണു മന്ത്രി ജലീലിനെയും ചോദ്യം ചെയ്തത്.
അതേസമയം ബിനീഷ് കോടിയേരിക്കെതിരേ കൂടുതല്‍ അന്വേഷണം നടത്താന്‍ ഇഡി ഒരുങ്ങുകയാണെന്നാണു സൂചന. ബിനീഷിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനമത്രേ.