കൊല്ലം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കഡാമി കൊല്ലം ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം കരിക്കോട് ടി.കെ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചാണ് ഉയര്‍ന്ന നിലവാരത്തിലുള്ള പഠനത്തിന് സാഹചര്യം ഒരുക്കുന്നത്. ഇതുവഴി രാജ്യാന്തരതലത്തിലുള്ള സാധ്യതകളാണ് ഇവിടുത്തെ വിദ്യാര്‍ഥി സമൂഹത്തിന് തുറന്നു നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ജെ. മേഴ്സിക്കുട്ടയമ്മ അധ്യക്ഷയായി. കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് നേടിയെടുക്കാമെന്നു സദസിലുള്ള വിദ്യാര്‍ഥികളെ മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുകയാണ്.
അതില്‍ ഒന്ന് സിവില്‍ സര്‍വീസ് അക്കാഡമിയും രണ്ടാമത്തേത് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്നതിനായിട്ടാണ് എന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയുടെ പത്താമത്തെ ഉപകേന്ദ്രമാണ് ടികെഎം കോളജില്‍ ആരംഭിച്ചത്.
എം. നൗഷാദ് എംഎല്‍എ, മുന്‍ എംപി കെ.എന്‍. ബാലഗോപാല്‍, ടികെഎം ട്രസ്റ്റ് ചെയര്മാന് ഡോ. ഷഹാല്‍ ഹസന് മുസലിയാര്‍, പ്രിന്‍സിപ്പല്‍ പ്രഫ. എസ്. ഷാജിത, കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എച്. ഹുസൈന് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. എ. ഹാഷിമുദീന്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരള ഡയറക്ടര്‍ ഡോ. പി. അനിത ദമയന്തി തുടങ്ങിയവര്‍ പങ്കെടുത്തു.