സ്വന്തം ലേഖകന്‍
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്. മന്ത്രി നടത്തിയ മറ്റ് നിയമനങ്ങളും വിവരാവകാശനിയമപ്രകാരം അന്വേഷിച്ച് കണ്ടെത്താനാണ് തീരുമാനം. നിയമനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ലഭിച്ചതായി കെ.ടി.ജലീലിന് മനസിലായിട്ടുണ്ട്. കൂടുതല്‍ കുരുക്കിലേങ്ങ് മന്ത്രി നീങ്ങുമെന്ന് കണ്ടാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബ് രാജി കത്ത് നല്‍കിയത്. രാജി സ്വീകരിക്കുമെന്ന് കോര്പറേഷന് എംഡി അറിയിച്ചിട്ടുണ്ട്.
മന്ത്രിക്ക് താത്കാലിക ആശ്വാസം എന്ന നിലയിലാണ് അദീപ് രാജിവയ്ക്കുന്നതെങ്കിലും ശക്തമായ സമരവുമായി മുന്നോട്ട്പോകുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉണ്ടയില്ലാത്ത വെടിയാണെന്ന നിലപാട് സ്വീകരിച്ച മന്ത്രിക്ക് അദീബ് രാജിവയ്ക്കാനുണ്ടായ സാഹചര്യം വലിയ തിരിച്ചടിയാണ്.
ജലീലാണ് രാജിവയ്ക്കേണ്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍്റ് ഫിറോസ് അറിയിച്ചിരിക്കുന്നത്. നിയമനവമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് മന്ത്രിയെ ക്ഷണിച്ചപ്പോള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയോ ശിഹാബ് തങ്ങളോ ആണെങ്കില്‍ നോക്കാമെന്ന മറുപടിയും ജലീലിനെതിേര കൂടുതല്‍ ശക്തമായ തെളിവുകളുമായി രംഗത്തുവരാന്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് കഴിഞ്ഞ മാസമാണ് കെ.ടി. അദീബ് നിയമിതനാകുന്നത്. 2016 ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാതെയാണ് സ്ഥാനത്തേക്ക് എത്തിയത്. അഭിമുഖത്തിനെത്തിയ മൂന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ബന്ധുവായ അദീബിനെ നിയമിക്കുന്നത്.
നേരത്തെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഉണ്ടായിരുന്ന യോഗ്യതകളില്‍ മാറ്റം വരുത്തി ബിടെകും പിജിഡിബിഎ കൂടി ചേര്‍ത്താണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രി ബന്ധുവായ കെ.ടി. അദീബിന് മാത്രമായിരുന്നു അപേക്ഷകരില്‍ ഈ യോഗ്യത ഉണ്ടായിരുന്നത്. എന്നാല്‍ അദീബ് നേടിയ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയും തുല്യത നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അദീബിന്റെ നിയമനം വിവാദമായിരുന്നു.
ബന്ധുവിന്റെ വഴിവിട്ട നിയമനം സംബന്ധിച്ച് പുറത്ത് വന്ന തെളിവുകളോട് കൃത്യമായി പ്രതികരിക്കാന്‍ മന്ത്രി കെ.ടി. ജലീലിന് കഴിഞ്ഞിരുന്നില്ല. അതേസമയം ആ േരാപണങ്ങളെ അവഞ്ജയോടെ തള്ളുന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെയാണ് കെ.ടി. അദീബിന്റെ രാജി.
ആത്മാഭിമാനത്തിന് മുറിവേറ്റെന്നും സ്ഥാനത്ത് നിന്നും ഒഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജി കത്ത് നല്‍കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ പദവിയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബാങ്കിലേതിന് തുല്യമായ അലവന്‍സുകള്‍ നല്‍കണമെന്ന അദീബിന്റെകത്ത് നേരത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തള്ളിയിരുന്നു.