കൊടുമണ്‍: സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസ് സേവനങ്ങൾ ഒരു വർഷത്തിനകം പൂർണമായും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് ് മന്ത്രി കെ. ടി. ജലീൽ. കൊടുമണ്‍ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങളുടെയും നവീകരിച്ച സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു സർട്ടിഫിക്കറ്റിനായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങൾ വഴി വളരെ വേഗം അപേക്ഷ നൽകാനും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുടെ പെർമിറ്റ് ഓണ്‍ലൈനായി നൽകുന്ന സംവിധാനം കോഴിക്കോട് ജില്ലയിൽ വിജയകരമായി നടപ്പിലാക്കി.
ഇത് ഉടൻ തന്നെ സംസ്ഥാനവ്യാപകമാക്കും. പുതുതായി സാമൂഹിക സുരക്ഷാ പെൻഷനുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കും. അനർഹർ ആനുകൂല്യം കൈപ്പറ്റാതിരിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. നികുതി കുടിശിക പിരിക്കുന്നതിലും പദ്ധതി നിർവഹണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, ജില്ലാപഞ്ചായത്തംഗം ആർ. ബി. രാജീവ് കുമാർ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ എലിസബത്ത് അബു, ബി സതികുമാരി, എം ആർ എസ് ഉണ്ണിത്താൻ, സി പ്രകാശ്, ബീനാപ്രഭ, ശാരദ, എൻ. കെ. ഉദയകുമാർ, ലളിത രവീന്ദ്രൻ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോഷ്വ ജേക്കബ്, സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.