തേഞ്ഞിപ്പലം: പാർട്ടി അനുമതിയില്ലാതെ മന്ത്രി കെ.ടി.ജലീലുമായി വേദി പങ്കിട്ട മുസ്ലിം ലീഗിലെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പാർട്ടിയിൽ നിന്ന് പുറത്ത്. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്റായ പി. മിഥുനയ്ക്കെതിരെയാണ് മുസ്ലിം ലീഗ് നടപടി.
പാർട്ടി നിർദേശം ലംഘിച്ച് മന്ത്രി കെ.ടി.ജലീലിനോടൊപ്പം കരിപ്പൂർ ഉണ്ണ്യാൽ പറന്പ് ശുദ്ധജല വിതരണ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ നിയമന വിവാദത്തിൽപ്പെട്ട മന്ത്രിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാകുകയും പാർട്ടി അടിയന്തര യോഗം ചേർന്ന് കർശന നടപടിയെടുക്കുകയുമായിരുന്നു.
പള്ളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് അടിയന്തിര നടപടിയെടുത്തത്. നിയമന വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി ജലീൽ പങ്കെടുക്കുന്ന ഒൗദ്യോഗിക പരിപാടികൾ ബഹിഷ്ക്കരിക്കാനുള്ള പാർട്ടി തീരുമാനത്തിന് വിപരീതമായി പ്രവർത്തിച്ചെന്ന കാരണമുന്നയിച്ചാണ് നടപടി. രേഖാമൂലം അറിയിച്ചിട്ടും പരിപാടിയിൽ പങ്കെടുത്തത് ഗൗരവമായ വീഴ്ചയാണെന്നാണ് പാർട്ടി നിരീക്ഷണം.
പല സന്ദർഭങ്ങളിലും ഇത്തരം നടപടികൾ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും അപ്പോഴെല്ലാം വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാൻ നടപടി അനിവാര്യമായ സാഹശ്ചര്യത്തിലാണ് അച്ചടക്ക നടപടിക്കായി മേൽഘടകത്തോട് ആവശ്യപ്പെടാൻ മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചത്.
പാർട്ടിയെ ധിക്കരിച്ചത് വഴി പാർട്ടി നൽകിയ അധികാരസ്ഥാനങ്ങൾ ഉടനടി രാജിവെക്കണമെന്നാവശ്യപ്പെട്ട് മിഥുനക്ക് കത്ത് ’നൽകും. യോഗത്തിൽ വി.പി അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.മുസ്തഫ തങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു. അബ്ദു പേങ്ങാട്ട് കെ.ലിയാക്കത്തലി കെ.വി ജബ്ബാർ പി.അസീസ് കെ.അബുബക്കർ എന്നിവർ പങ്കെടുത്തു.