കായംകുളം : ആരാധനാ കേന്ദ്രങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനമുണ്ടാകണമെന്നും ഇതിലൂടെ മാത്രമേ മത സൗഹാർദം വളർത്താൻ കഴിയൂവെന്നും മന്ത്രി കെ ടി ജലീൽ .പുനർനിർമിച്ച ചൂനാട് ഇലിപ്പക്കുളം ജുമാ മസ്ജിദിൻറ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രത്യേക വിഭാഗത്തിന് മാത്രമെ ആരാധനാലയത്തിൽ പ്രവേശനമുള്ളൂവെന്ന് നിഷ്കർഷിക്കുന്നത് ദൈവത്തിന് ഇഷ്ടപ്പെടുന്ന പ്രവൃത്തിയാകില്ല. സാമൂഹിക ധർമങ്ങൾ നിർവഹിക്കുന്ന വിശാല കാഴ്ചപ്പാടുകളുള്ള കേന്ദ്രങ്ങളായി മസ്ജിദുകൾ മാറണമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ജംഇയ്യത്തുൽ ഉലമ ചീഫ് മുഫ്തി ഹാഫിസ് ഇ.എം. സുലൈമാൻ മൗലവി മസ്ജിദിൻറ്റെ ഉദ്ഘാടനം നിർവഹിച്ചു.
പാളയം ഇമാം വി.പി. ശുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി . ജമാഅത്ത് പ്രസിഡൻറ് നാസർ മാരൂർ അധ്യക്ഷത വഹിച്ചു. ഇമാം എ.ജെ. ഹുസൈൻ ബാഖവി ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ. വി. വാസുദേവൻ, എ.എം. ഹാഷിർ, പഞ്ചായത്ത് അംഗം ഫസൽ നഗരൂർ, വി.പി. അബ്ദുൽ റസാഖ്, കട്ടച്ചിറ താഹ, പി.ജെ. അൻസാരി, അഹമ്മദ്കുഞ്ഞ് താന്നിക്കൽ, താഹാക്കുഞ്ഞ് ചെങ്ങാപ്പള്ളിൽ, സജീദ് കോട്ടക്കുഴിയിൽ, ലത്തീഫ് കൂടാരത്തിൽ, എൻ.എം. നസീർ, കളീക്കൽ മുഹമ്മദ്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മാനവസൗഹാർദ്ദ സമ്മേളനം ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡൻറ് ഇ. നാസർ അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കസഭ മാവേലിക്കര രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ ജോഷ്വ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് യൂണിയൻ പ്രസിഡൻറ് ടി.കെ. പ്രസാദ്, കെ. നിസാമുദ്ദീൻ, നാസർ ഇലഞ്ഞിലിത്തറയിൽ, മൻസൂർ തച്ചിരേത്ത്, ഷാജഹാൻ അന്പഴിയിൽ, പി.എ. ഹബീബ് പൊന്നേറ്റിൽ, റിയാസ് ഇല്ലിക്കുളത്ത് എന്നിവർ പ്രസംഗിച്ചു.