മലപ്പുറം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ബന്ധുനിയമന വിവാദത്തെ മന്ത്രി കെ.ടി.ജലീലിനെതിരായ രാഷ്ട്രീയ ആയുധമാക്കി മുസ്ലിം യൂത്ത് ലീഗ്. ആരോപണങ്ങളെ പ്രതിരോധിക്കാൻ മന്ത്രി പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ രാജിവരെ പ്രക്ഷോഭമെന്ന കടുത്ത നിലപാടിലാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം. മുസ്ലിം ലീഗിന്റെ ശക്തമായ പിന്തുണയും ഇക്കാര്യത്തിൽ യൂത്ത്ലീഗിനുണ്ട്.
പിന്നോക്ക വികസന ധനകാര്യ കോർപറേഷനിലെ നിയമവുമായി ബന്ധപ്പെട്ട വിവാദം മന്ത്രി ജലീലും യൂത്ത് ലീഗും തമ്മിലുള്ള തുറന്ന യുദ്ധമായി മാറിയിരിക്കുകയാണ്. മന്ത്രി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുകയാണ്. കോർപ്പറേഷൻ ജനറൽമാനേജർ പദവിയിൽ മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചതു സംബന്ധിച്ചു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസാണ് ആരോപണമുന്നയിച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബന്ധുവിനു കോർപറേഷനിലെ ഉന്നത പദവിയിൽ നിയനമം നൽകിയത് വഴിവിട്ടാണെന്ന് ഫിറോസ് ആരോപിച്ചിരുന്നു. എന്നാൽ നിയമനത്തിനു മാധ്യമങ്ങളിലൂടെ അപേക്ഷ ക്ഷണിക്കുകയും യോഗ്യതയുള്ളവരെ കിട്ടാത്തതിനാലാണ് ബന്ധുവിനെ നിയമിച്ചതെന്നും മന്ത്രി ജലീൽ വിശദീകരിച്ചിരുന്നു. നിയമനത്തിൽ നിയമലംഘനമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുകയും സംസ്ഥാനത്തെ പഞ്ചായത്തുകളിലെല്ലാം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് യൂത്ത് ലീഗിനെതിരെ ആരോപണവുമായി മന്ത്രി രംഗത്തെത്തിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് മുസ്ലിം ലീഗ് പ്രവർത്തകർ എടുത്ത വായ്പ തിരിച്ചുപിടിക്കാൻ തുടങ്ങിയതോടെയാണ് തനിക്കെതിരെ യൂത്ത് ലീഗ് ആരോപണമുന്നയിക്കാൻ തുടങ്ങിയതെന്ന് മന്ത്രി ജലീൽ കുറ്റപ്പെടുത്തി.
വായ്്പയെടുത്ത മുസ്ലിം ലീഗുകാർ അത് തിരിച്ചടക്കാൻ തയാറാകുന്നില്ലെന്നും കോർപറേഷന് നിയമനടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
മന്ത്രി ജലീലിനെതിരായ ആരോപണത്തെ സർക്കാരിനെതിരെ ആയുധമാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. മന്ത്രിയുടെ നടപടിക്കെതിരെ കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത് യൂത്ത് ലീഗിന്റെ ശക്തമായ നിലപാടാണ്.
നേരത്തെ മുസ്ലിം ലീഗിലായിരുന്ന കെ.ടി.ജലീൽ ലീഗിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജലീലിനെതിരെ തിരിച്ചടിക്കാൻ വീണുകിട്ടിയ ആയുധമായാണ് ബന്ധുനിയമനത്തെ യൂത്ത് ലീഗ് കാണുന്നത്.