തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തിൽ മന്ത്രിസ്ഥാനത്തു തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിക്കെതിരേ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ ഹൈക്കോടതിയിലേക്ക്.
വിധിക്കു പിന്നാലെ ജലീലിനെ സംരക്ഷിച്ചുകൊണ്ട് സിപിഎമ്മും സംസ്ഥാനസർക്കാരും രംഗത്തെത്തി. പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ ലഭിച്ചതോടെയാണു ജലീൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ജലീലിന് എല്ലാ പിന്തുണയും നൽകാൻ ഇന്നലെ ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ബന്ധുനിയമന വിവാദം ഉയർന്ന എല്ലാ ഘട്ടത്തിലും നിയമസഭയ്ക്കുള്ളിലും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജലീലിനു നല്കിയ അതേ പിന്തുണയാണ് ലോകായുക്ത വിധിക്കു ശേഷവും തുടരുന്നത്.
ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന സർക്കാർ നിലപാട് നിയമ മന്ത്രി എ.കെ. ബാലൻ വെളിപ്പെടുത്തി.
ഡെപ്യൂട്ടേഷനിൽ ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും കെ.എം. മാണി ഉൾപ്പെടെ ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി ബാലൻ ഇത് സംബന്ധിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചു .
“ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധി വന്നാലുടൻ മന്ത്രി രാജിവയ്ക്കുന്ന സാഹചര്യം കേരളത്തിലില്ല.
മന്ത്രിയുടെ ബന്ധു അദീബ് ജോലിക്ക് അർഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയെ യും ഗവർണറെയും ജലീൽ നേരത്തേ ബോധ്യപ്പെടുത്തിയതാണ്.
ഇപ്പോൾ പുറത്തുവന്ന ലോകയുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജലീൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്’-മന്ത്രി ബാലൻ പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫും ബിജെപിയും ഉന്നയിച്ചുകഴിഞ്ഞു.