തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ ലോകായുക്ത കേസ് മൂന്നംഗ ബഞ്ചിനു വിട്ടതിനു പിന്നാലെ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻമന്ത്രി കെ.ടി.ജലീൽ.
രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും ഇനിയും അത് തുടരുമെന്നും വിമര്ശകർക്ക് ചൊറിച്ചിലാണെന്നും കെ.ടി.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫ് ആണോ എൽഡിഎഫ് ആണോ ബിജെപിയാണോ എന്ന് നോക്കിയിട്ടല്ല ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സഹായവിതരണം നടത്തുന്നത്.
ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. അതേസമയം കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നുവെന്നും കെ.ടി.ജലീൽ ചോദിക്കുന്നു.
സി.എച്ച് മുഹമ്മദ് കോയയുടെ മരണത്തെ തുടർന്ന് മകൻ ഡോ.എം.കെ മുനീറിനെ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്ക് തുടർ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നൽകിയതും സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ നൽകിയതും അന്നത്തെയുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നെടുത്തിട്ടല്ല.
എല്ലാം ഏത് സർക്കാരിന്റെ കാലത്താണെങ്കിലും പൊതുഖജനാവിൽ നിന്നാണ് അനുവദിച്ചത്. അന്നൊന്നുമില്ലാത്ത “ചൊറിച്ചിൽ”രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതങ്ങ് സഹിച്ചേരെന്നും കെ.ടി.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കെ.ടി. ജലീൽ വഴി ലോകായുക്തയെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചതിനെപ്പറ്റി കെ.ടി.ജലീൽ ഫേസ്ബുക്കിൽ പ്രതികരിച്ചില്ല.