മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നോർത്ത് സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ടി ജലീലിന്റെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവത്തിൽ ഒളിവിൽ കഴിയുന്ന നാല് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി.
മഞ്ചേരി ചെരണി സ്വദേശികളായ അത്തിമണ്ണിൽ അലി അക്ബർ (42), മാഞ്ചേരി തുപ്പത്ത് ജസീൽ കുരിക്കൾ(31), മംഗലശേരി വല്ലാഞ്ചിറ അബ്ദുൽ റഷീദ് (34), നറുകര കൊടക്കാടൻ അക്ബറലി (33) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയത്. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജനുവരി 16നും ഇതേ കോടതി തള്ളിയിരുന്നു.
2019 ജനുവരി അഞ്ചിന് വൈകീട്ട് നാലു മണിയോടെ മഞ്ചേരി വായ്പാറപ്പടിയിലാണ് സംഭവം. കച്ചേരിപ്പടി ബൈപാസ് ജംഗ്ഷനിൽ എത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ഓടിയെത്തുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പ്രവർത്തകരെ തടയുന്നതിനിടെ മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയുമെറിഞ്ഞു. സംഭവ ദിവസവും തുടർന്നും അറസ്റ്റിലായ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.