ശ്രീകണ്ഠപുരം: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ 19- മത് അനുസ്മരണം നാളെ ശ്രീകണ്ഠപുരത്ത് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്ന് ബൈക്ക് റാലി നടക്കും.
ചേപ്പറമ്പ്, നിടിയേങ്ങ, ചെമ്പന്തൊട്ടി, ചുഴലി, വളക്കൈ വഴി ചുറ്റി ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. നാളെ രാവിലെ ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിലും ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിലെ ബലിദാൻ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ചെങ്ങളായി ടൗണിൽന്ന് ശ്രീകണ്ഠപുരത്തേക്ക് 15000 ത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനം. തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ ടി.പി. രാജീവൻ അധ്യക്ഷത വഹിക്കും. യുവമോർച്ച അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിജാത് മിശ്ര മുഖ്യപ്രഭാഷണം നടത്തും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ, കെ. രഞ്ജിത്, പി. സത്യപ്രകാശ് എന്നിവർ പങ്കെടുക്കും.
സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ നടക്കുന്ന അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാൽ, കണ്ണൂർ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം, അഴീക്കൽ, കണ്ണൂർ വനിതാ സിഐ എന്നിവരും സുരക്ഷയൊരുക്കും