സ്വന്തംലേഖകൻ
തൃശൂർ: അധ്യാപകരുടെ യോഗ്യത നിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസാകാത്ത അധ്യാപകരുടെ പ്രൊബേഷനും ഇൻക്രിമെന്റും തടഞ്ഞുവയ്ക്കാൻ സർക്കാർ ഉത്തരവായതോടെ കടന്പ കടക്കാനാകാതെ നൂറുകണക്കിന് അധ്യാപകർ പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് 2012ൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന യോഗ്യത നിർണയ പരീക്ഷ പാസാകാനുള്ള സമയപരിധി 2019 മാർച്ച് 31 ആയിരുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിന് ഒരു വർഷം കൂടി ഇളവ് അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ സർവീസിൽ തുടരുന്ന അധ്യാപകരുടെ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഹയർ സെക്കൻഡറി അധ്യാപകരുടെ യോഗ്യതനിർണയ പരീക്ഷയായ സെറ്റ് പാസാകാൻ അന്പത് ശതമാനം മാർ്ക്ക് മതിയെന്നിരിക്കേ കെ-ടെറ്റ് പാസാകൻ അറുപത് ശതമാനം മാർക്കാണ് വേണ്ടത്. ഇത് വിജയശതമാനം കുറയ്ക്കാനും അധ്യാപകരെ മനപ്പൂർവം തോൽപ്പിക്കാനുമാണെന്ന് ആരോപണമുണ്ട്.
2012 മുതൽ 2017 വരെയുള്ള അഞ്ചു വർഷം കെ-ടെറ്റിന്റെ വിജയം ശരാശരി പത്തു ശതമാനം മാത്രമായിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും പൂർത്തിയാക്കി നിയമനം ലഭിച്ച് വർഷങ്ങൾക്കു ശേഷമാണ് നിയമന അംഗീകാരം ലഭിച്ചതെന്നുമാണ് അധ്യാപകരുടെ പരാതി. 2018 മുതൽ വർഷത്തിൽ മൂന്നു തവണ പരീക്ഷ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല.
കെ-ടെറ്റ് പരീക്ഷകൾ സമയബന്ധിതമായി നടത്തണമെന്നും സർവീസിലുള്ള അധ്യാപകർക്ക് പാസാകാനുള്ള സമയപരിധി ഭേദഗതി വരുത്തണമെന്നും ഇൻക്രിമെന്റ് തടഞ്ഞുവയ്ക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി വടക്കൻ ആവശ്യപ്പെട്ടു. ു