ആനപ്പെട്ടി, കാളപ്പെട്ടി, അരിവാൾപെട്ടി, തുലാശ് പെട്ടി… എന്നിങ്ങനെ സ്ഥാനാർഥികളുടെ ചിഹ്നങ്ങളുള്ള പെട്ടികളായിരുന്നു ആദ്യം തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്നത്. ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തി പെട്ടികളിലിടുകയായിരുന്നു പതിവ്.
1952ലെ തെരഞ്ഞെടുപ്പിൽ കാളപ്പെട്ടി നിറഞ്ഞെന്നു ആളുകൾ പറഞ്ഞെങ്കിലും പെട്ടി പൊട്ടിച്ചപ്പോൾ അരിവാൾ നെൽക്കതിർ ചിഹ്നത്തിൽ മത്സരിച്ച കോട്ടയം ഭാസിക്കായിരുന്നു വിജയം.
പിന്നീട് ബാലറ്റ് പേപ്പറിലൂടെ യന്ത്രത്തിലെത്തി നിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ വൈകാതെ ഓണ്ലൈൻ സംവിധാനത്തിലേക്കും മാറും.
മലയാളിയുടെ നീതി ബോധത്തിന്റെ സോളമനായ ജസ്റ്റീസ് കെ.ടി. തോമസ് കഞ്ഞിക്കുഴിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ ദീപിക വോട്ട്ബുക്കിനോടു വാചാലനാകുകയാണ്.
പഴയകാല തെരഞ്ഞെടുപ്പു പ്രചാരണ രീതികളിൽ കൊട്ടിക്കലാശമില്ല, പകരം സമാപന പൊതുയോഗങ്ങളായിരുന്നു.
സ്ഥാനാർഥിയുടെ വോട്ടഭ്യർഥനയുമായി വീടുകയറ്റവും രാത്രികാലങ്ങളിൽ കുടുംബയോഗങ്ങളും നടന്നിരുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണം ചാനലുകളിലും സമൂഹ മാധ്യമങ്ങളിലുമാണ്.
വോട്ടെണ്ണൽ സമയത്തും രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ ഒരു കോണ്ഗ്രസ് സ്ഥാനാർഥി വോട്ടിംഗ് ദിവസം വോട്ടർമാർക്ക് ഏത്തപ്പഴവും ബണ്ണും നൽകി. അവസാനം ഏത്തപ്പഴത്തിന്റെ തൊലി എണ്ണി നോക്കി 2,000 വോട്ടിനു ജയിക്കുമെന്നും കണക്കുകൂട്ടി.
കോട്ടയത്താണു വോട്ടെണ്ണൽ. കാഞ്ഞിരപ്പള്ളിയിൽനിന്നു കുരിശും മുത്തുക്കുടയുമായി വിജയാഹ്ളാദത്തിനായി കോട്ടയത്ത് പ്രവർത്തകരെത്തി.
വോട്ടെണ്ണി കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർഥി 2000 വോട്ടിനു ജയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മൃതസംസ്കാര യാത്ര പോലെ കുടയും കുരിശുമായി പ്രവർത്തകർ കാഞ്ഞിരപ്പള്ളിക്കു തിരിച്ചു പോയി.
1955ൽ 18-ാംവയസിൽ യൂത്ത് കോണ്ഗ്രസിന്റെ രൂപീകരണത്തിനായി ജവഹർലാൽ നെഹ്റു വിളിച്ചു ചേർത്ത ക്യാന്പിൽ കേരളത്തിൽനിന്നു പങ്കെടുത്ത ഏക വ്യക്തി ഞാനായിരുന്നു.
കേരളത്തിലെത്തി പാലാ കെ.എം. മാത്യുവിനൊപ്പം യൂത്ത് കോണ്ഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയായി. സെന്റ് ആൽബർട്ട്സ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്പോഴാണു നിയമ പഠനത്തിലേക്കു തിരിയുന്നത്.
അടിയന്തരാവസ്ഥയ്ക്കു തൊട്ടു പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്ക് മത്സരിക്കാൻ സംഘടനാ കോണ്ഗ്രസ് പ്രവർത്തകനായ എന്നോട് അടിയന്തരാവസ്ഥ വിരുദ്ധ പാർട്ടികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.
മത്സരിക്കാൻ തയാറായ എന്നോട് അവസാന നിമിഷം പിന്മാറാൻ ഇഎംഎസ് നേരിട്ട് പറഞ്ഞു. ഞാൻ പിന്മാറി.
സോഷ്യലിസ്റ്റ് നേതാവ് അശോക് മെഹ്ത കേരളത്തിലെത്തിയപ്പോൾ പ്രസംഗം ഞാനാണ് തർജമ ചെയ്തിരുന്നത്. അന്ന് പോലീസ് സ്റ്റേഷനിൽനിന്ന് അപ്പച്ചനെ വിളിച്ച് താക്കീത് ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന മൊറാൾജി ദേശായി ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ തർജിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.
1971ൽ പുതുപ്പള്ളിയിൽനിന്നു നിയമസഭയിലേക്ക് മത്സരിക്കാൻ കോണ്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അന്ന് വോട്ടർ പട്ടികയിൽ പേരില്ലാതെ പോയതിനാൽ നടന്നില്ല.
വരും നാളുകളിൽ തെരഞ്ഞെടുപ്പ് രംഗത്ത് സമൂലമായ മാറ്റം അനിവാര്യമാണ്. ഉപതെരഞ്ഞെടുപ്പുകൾ അനുവദിക്കരുത്.
ഒരു എംഎൽഎയോ എംപിയോ മരിച്ചാൽ ആ പാർട്ടിയുടെ മറ്റൊരാളെ നോമിനേറ്റ് ചെയ്യാൻ അവസരം നൽകണം. അതേപോലെ ലോക്സഭ അംഗങ്ങൾ നിയമസഭയിലേക്കു കാലാവധി പൂർത്തിയാക്കാതെ മത്സരിക്കരുത്. തെരഞ്ഞെടുപ്പിൽ രണ്ടു ടേം ജയിച്ചവർ മാറണം.
ഇടതുപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ഇത്തവണ ധീരമായ നിലപാടുകൾ എടുത്തു. മറ്റുപാർട്ടികളും ഇതു നടപ്പാക്കണമെന്നു ശതാഭിഷേക നിറവിലും കർമ രംഗത്തു സജീവ സാന്നിധ്യമായ ഈ നിയമജ്ഞൻ പറയുന്നു.