കെ.പി.രാജീവന്
തളിപ്പറമ്പ്: ഒരേക്കറോളം സ്ഥലത്ത് മുന്നൂറോളം വാഴകള്‍, വെണ്ട, വഴുതിന, കോവല്‍, ചീര, പച്ചമുളക്, കറിവേപ്പില, ചതുരപ്പയര്‍ എന്നിവ വിളഞ്ഞുനിൽക്കുന്നു. വാഴകളിൽ നേന്ത്രന് മാത്രം ഇരുന്നൂറോളം വരും. നൂറോളം റോബസ്റ്റയും മറ്റു നാട്ടുവാഴകളും ഇവിടെ വളർന്നുനിൽക്കുന്നു. പ്രതിമാസം പതിനായിരത്തോളം രൂപയുടെ പച്ചക്കറികളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. കേരള ടൂറിസം വികസന കോര്‍പറേഷന്റെ മാങ്ങാട്ടുപറമ്പിലുള്ള ടാംറിൻഡ് ഹോട്ടലിലാണ് ഈ അപൂർവ കാഴ്ചകൾ.
ഹോട്ടലിലെ റസ്റ്റോറന്റിൽ വിളമ്പുന്ന കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ 70 ശതമാനവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ്. ഹോട്ടലിനു പുറകിലെ ഒരേക്കർ സ്ഥലമാണ് കൃഷിഭൂമിയായി മാറ്റിയിരിക്കുന്നത്.2009 ലാണ് കെടിഡിസി മാങ്ങാട്ടുപറമ്പില്‍ ടാംറിൻഡ് ഹോട്ടല്‍ ആരംഭിക്കുന്നത്. മുപ്പത് വര്‍ഷത്തോളം മുമ്പേ തന്നെ മോട്ടല്‍ ആരാം എന്ന പേരില്‍ തുടങ്ങിയ റസ്റ്റോറന്റും ഇതിനു സമീപമുണ്ട്. മൂന്നേക്കര്‍ സ്ഥലമാണ് ഇവിടെ ടൂറിസം വകുപ്പിനുള്ളത്.
തലശേരി കതിരൂര്‍ സ്വദേശി സി.വിനോദ്കുമാര്‍ 2014 ല്‍ ഇവിടെ മാനേജരായി എത്തുമ്പോള്‍ ഹോട്ടലിന് പുറകുവശം കാടുപിടിച്ചു കിടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ ചെങ്കല്ലുകള്‍ വെട്ടിയെടുത്ത് കപ്പണകള്‍ നിറഞ്ഞ പ്രദേശം നികത്തിയാണ് ഹോട്ടല്‍ നിര്‍മിച്ചത്. ഹോട്ടലിനു പുറകിലെ കപ്പണ ആദ്യകാലത്ത് മാലിന്യങ്ങളും കാടും നിറഞ്ഞ് കിടക്കുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍കൂടിയായ വിനോദ്കുമാര്‍ ഏതാനും സഹപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കാടു വെട്ടിത്തെളിച്ച് കപ്പണയുടെ കുഴികള്‍ നികത്തിയെടുത്തത്.
കൈക്കോട്ടും മണ്വെട്ടിയുമൊക്കെയുപയോഗിച്ച് പരമ്പരാഗത രീതിയില്‍ തന്നെയാണ് പണികള്‍ തീര്‍ത്തത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രഫ.ജോണ്‍സി ജേക്കബ് രൂപം നല്കിയ സീക്കിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്ന വിനോദിന് മണ്ണിന്റെ മേന്മ ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.
മലബാര്‍ നാച്വറല്‍ ഹിസ്റ്റോറിക് സൊസൈറ്റി ഉള്‍പ്പെടെ നിരവധി പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തകനായ വിനോദ് കല്യാശേരി കൃഷിഭവന്റെ സഹായത്തോടെ 150 വാഴകളാണ് ഇവിടെ ആദ്യം നട്ടത്. തഴച്ചുവളര്‍ന്ന വാഴകളില്‍നിന്ന് നല്ല വിളവ് ലഭിച്ചതോടെ കൂടുതല്‍ സ്ഥലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കറിവേപ്പിലയും പച്ചമുളകും കീടനാശിനികളിൽ മുങ്ങിക്കുളിച്ചാണ് എത്തുന്നതെന്ന് മനസിലാക്കിയതോടെ കറിവേപ്പിലയും പച്ചമുളകുമാണ് കൂടുതൽ നട്ടത്. ഹോട്ടലിലെ ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള സ്ലറിയും ചാണകവും പിണ്ണാക്കുമാണ് കൃഷിക്ക് വളമായി ചേര്‍ക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളവും പച്ചക്കറി തോട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നു. കൃഷി കാര്യങ്ങള്‍ നോക്കുന്നതിനായി ഇപ്പോൾ സ്ഥിരം ജോലിക്കാരനെയും നിയമിച്ചിട്ടുണ്ട്.
നിലവിൽ ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി ഇവിടെ വിളയാത്ത പച്ചക്കറികള്‍ മാത്രമേ പുറത്തുനിന്ന് വാങ്ങുന്നുള്ളൂ. കല്യാശേരി കൃഷിഭവന്റെ സഹായത്തോടെ നടത്തുന്ന കൃഷിയില്‍ വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും റസ്റ്റോറന്റിലെ ആവശ്യം കഴിഞ്ഞ് ബാക്കിയാകുന്നത് ജീവനക്കാര്‍ക്കുതന്നെ വിലയ്ക്ക് നല്‍കുകയാണ് പതിവ്.
ഇത്തവണ ഓണക്കാലം ലക്ഷ്യമിട്ട് 200 നേന്ത്രവാഴകളാണ് നട്ടിരിക്കുന്നത്. കൃഷി വിപുലീകരിച്ചു സന്ദര്‍ശകര്‍ക്ക് കാണുന്നതിനായി അരയേക്കറില്‍ പ്രദര്‍ശനത്തോട്ടം ഒരുക്കാനുള്ള ആലോചനയിലാണ്. പ്രതിമാസം പതിനായിരം രൂപയോളം പച്ചക്കറിയില്‍ ലാഭിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി റസ്റ്റോറന്റിൽ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് വിനോദ്കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് മാങ്ങാട്ടുപറമ്പിലെ കെടിഡിസി ടാംറിൻഡ് ഹോട്ടലില്‍ മാത്രമേ ഇത്തരത്തില്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ഹോട്ടലിൽ പച്ചക്കറി കൃഷിയാരംഭിച്ചതോടെ സ്ഥിരമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രണ്ട് പടുകൂറ്റന്‍ നാട്ടുമാവുകള്‍ കൂടി കെടിഡിസി കോമ്പൗണ്ടില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനാല്‍ ആവശ്യത്തിലേറെ നാട്ടുമാങ്ങകളും എല്ലാവര്‍ഷവും ലഭിക്കുന്നുണ്ട്. ലഭ്യമായ എല്ലാ സ്ഥലങ്ങളും പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.