ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനെ( കെടിഡിഎഫ്സി ) ഒഴിവാക്കാൻ തടസമായിരിക്കുന്നത് 2.75 കോടി രൂപയുമായി ബന്ധപ്പെട്ട തർക്കം. ഇത് വെറും സാങ്കേതികമാണെന്നും ചർച്ചയിലൂടെ പരിഹരിച്ച് കെടിഡിഎഫ്സിയെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ഈ ആഴ്ച തന്നെ ഒഴിവാക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
കെഎസ്ആർടിസി യുടെ ബാങ്ക് കൺസോർഷ്യത്തിൽ എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഡിബിഎസ്സി ( പഴയ ലക്ഷ്മിവിലാസം ബാങ്ക്, ) കെടിഡിഎഫ്സി എന്നിവയാണ് ഉള്ളത്. തകർച്ചയിലായ കെടിഡിഎഫ് സിയെ ഒഴിവാക്കാനും പകരം കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനും കെഎസ്ആർടിസി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വിജയത്തിലെത്തിയ അവസ്ഥയിലാണ്. അവസാന ഘട്ടത്തിലെ കെഎസ്ആർടിസിയുടെ കണക്കുകൾ അനുസരിച്ച് കെടിഡിഎഫ്സിയ്ക്ക് കൊടുക്കാനുള്ളത് 297.25 കോടിയാണ്. എന്നാൽകെഎസ്ആർടിസി ഇതിന് വേണ്ടി 300 കോടി കൺസോർഷ്യത്തിൽ അംഗമായ യൂണിയൻ ബാങ്കിന് കൈമാറി കഴിഞ്ഞു.
ഇത് യൂണിയൻ ബാങ്ക് കെടിഡിഎഫ്സിയ്ക്ക് കൈമാറുകയും ചെയ്തു. 2.75 കോടി രൂപയുടെ വ്യത്യാസമാണ് തർക്കത്തിന് കാരണമായിട്ടുള്ളത്. യൂണിയൻ ബാങ്ക് കൈമാറിയ തുകയിലെ 2.75 കോടി കെടിഡിഎഫ്സി തിരികെ നല്‍കണമെന്നതാണ് തർക്കം. ഈ തർക്കം പരിഹരിച്ചാൽ ഉടൻ തന്നെ കെടിഡിഎഫ്സിയെ കൺസോർഷ്യത്തിൽ നിന്നൊഴിവാക്കാനാകും. കൺസോർഷ്യത്തിൽ നിന്നും ഒഴിവാക്കാനുള്ള നിയമപരമായ മറ്റെല്ലാ നടപടികളും പൂർത്തിയായതായും സർക്കാർ ഉത്തരവ് ലഭിച്ചതായും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
തർക്കം പരിഹരിച്ചാൽ ഈ മാസം തന്നെ കേരളാ ബാങ്കിനെ കെഎസ്ആർടിസി യുടെ ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനാവും. ജീവനക്കാർക്ക് ശമ്പളം നല്‍കാനായി ആവശ്യമായ തുക കേരള ബാങ്ക് മാസാദ്യം ഓവർ ഡ്രാഫ്റ്റ് ആയി കെഎസ്ആർടിസി യ്ക്ക് നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
മാസാവസാനത്തിന് മുമ്പ് ഓവർ ഡ്രാഫ്റ്റ് കെഎസ്ആർടിസി അടച്ചുതീർക്കണമെന്നാണ് ധാരണ. കെഎസ്ആർടിസി യ്ക്ക് പുതിയ ബസുകൾ വാങ്ങാൻ കേരളാ ബാങ്ക് വായ്പ അനുവദിക്കുന്നത് ഉൾപ്പെടെ കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്തുന്നത് കെഎസ്ആർടിസിയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
പ്രദീപ് ചാത്തന്നൂർ