മലപ്പുറം: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി യുപി സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ. ടി. ജലീൽ എംഎൽഎ. ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ലന്നാണ് എംഎൽഎയുടെ ആശങ്ക. യുപിയിൽ മുസ്ലിം വേട്ടയെന്ന് അദ്ദേഹം ആരോപിച്ചു.
അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാൾ നമസ്കാരം നടത്താവൂ. ഡ്രോണുകൾ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സർക്കാർ പറയുന്നത് എന്തിനാണ്? ഇനി അഥവാ അങ്ങിനെ സംഭവിച്ചാൽ തന്നെ ഏറിക്കഴിഞ്ഞാൽ പത്ത് മിനുട്ടിലധികം പെരുന്നാൾ നമസ്കാരം നീണ്ടുനിൽക്കില്ലന്ന് ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
യുപിയിൽ വീണ്ടും മുസ്ലിംവേട്ട?
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ പോലീസിന്റെ എൻകൗണ്ടർ അറ്റാക്കിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണ്. അതിൽ മഹാഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ.
അഞ്ച് മുസ്ലിം എംഎൽഎമാരെയാണ് വിവിധ കേസുകളിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നത്. അതിലൊരാളാണ് കൽതുറുങ്കിൽ കിടന്ന് ആവശ്യമായ ചികിൽസ കിട്ടാതെ ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. അദ്ദേഹത്തെ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ദയനീയമായാണ് ബിജെപി തോറ്റത്. കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിന്റെ പകുതി സീറ്റുകൾ പോലും അവിടെ നിന്ന് കിട്ടിയില്ല. സ്വന്തമായി കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലോകസഭയിൽ കിട്ടാത്തതിൽ യുപിക്കും മഹാരാഷ്ട്രയ്ക്കുമുള്ള പങ്ക് ചെറുതല്ല.
70 സീറ്റുകൾ യുപിയിൽ നിന്ന് കിട്ടുമെന്ന് വീമ്പിളക്കിയ യോഗി ആദിത്യനാഥ് തല ഉയർത്താനാകാതെ അപമാനിതനായി മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരിക്കുന്നത് നാം കണ്ടതാണ്. യു.പിയിൽ തോറ്റതിന്റെ കലിപ്പ് ചിലർ തീർത്തത് രണ്ട് ഇസ്ലാമിക പണ്ഡിതന്മാരായ ഫസലുറഹ്മാനെയും മൗലാനാ ഫാറൂഖിനെയും നിഷ്ഠൂരം കൊലപ്പെടുത്തിക്കൊണ്ടാണ്.
അൻപതുകാരനായ ഫസലുറഹ്മാൻ കൊല്ലപ്പെട്ടത് ഷംലി ജില്ലയിലെ ബല്ലാമജ്റ ഗ്രാമത്തിലാണ്. അറുപത്തിയേഴുകാരനായ മൗലാനാ ഫാറൂഖ് പ്രതാപ്ഗഡിലെ സോൺപൂർ സ്വദേശിയാണ്. ജംഇയ്യത്തുൽ ഉലമയുടെ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
മൂന്ന് ദിവസങ്ങൾക്കിടയിലാണ് ഈ രണ്ട് കൊലകളും നടന്നത്. യുപിയിലെ രണ്ടു മസ്ജിദുകളിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ഇമാമുമാരായിരുന്നു ഇരുവരും. ചത്തിസ്ഗഡിൽ രണ്ട് മുസ്ലിം യുവാക്കളെ മതഭ്രാന്ത് തലക്കുപിടിച്ച ജനക്കൂട്ടം തല്ലിക്കൊന്നതും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അക്ബർനഗറിൽ മുസ്ലിം വീടുകൾക്കു നേരെ ബുൾഡോസറുകൾ ഉരുട്ടിയാണ് അധികാരികൾ പ്രതികാരം തീർത്തത്.
ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാൾ നമസ്കാരം നടത്താവൂ. ഡ്രോണുകൾ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സർക്കാർ പറയുന്നത് എന്തിനാണ്? ഇനി അഥവാ അങ്ങിനെ സംഭവിച്ചാൽ തന്നെ ഏറിക്കഴിഞ്ഞാൽ പത്ത് മിനുട്ടിലധികം പെരുന്നാൾ നമസ്കാരം നീണ്ടുനിൽക്കില്ല.
പള്ളികൾ ഭക്തരെക്കൊണ്ട് നിറഞ്ഞാൽ സാധാരണ ഗതിയിൽ പുറത്തേക്ക് ക്യു നീളുക പതിവാണ്. നമസ്കാരം റോട്ടിലേക്ക് ഇറങ്ങുന്നത് തടയാനാകണം ഗവൺമെൻ്റിൻ്റെ പ്രസ്താവന ഒരു താക്കീതാ പുറത്തു വന്നിരിക്കുന്നത്? ഇത്തരം സന്ദർഭങ്ങളിൽ മുസ്ലിങ്ങൾ സൂക്ഷ്മത പുലർത്തണം. ജുമുഅ പോലും ആളുകൾ അധികമാകുന്നത് തടഞ്ഞ്, മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കാതെ ഒരു പള്ളിയിൽ തന്നെ രണ്ടും മൂന്നും തവണ ജുമുഅ നമസ്കാരം നടത്തുന്നത് പല അമേരിക്കൻ- യൂറോപ്യൻ നഗരങ്ങളിലും കാണാം.
പത്തോ പതിനഞ്ചോ മിനുട്ടുകൾ ഇടവിട്ട് ഒന്നിൽ കൂടുതൽ പെരുന്നാൾ നമസ്കാരങ്ങൾ കൂട്ടമായി പള്ളിക്കകത്തോ അനുവദിക്കപ്പെട്ട ഈദ് ഗാഹുകളിലോ നമസ്കരിക്കുന്നതിൽ യാതൊരു അപാകതയുമില്ല. ഉത്തരേന്ത്യയിലെ പണ്ഡിത നേതൃത്വം ഇക്കാര്യത്തെ സംബന്ധിച്ച് സഗൗരവം ആലോചിച്ച് നിലപാട് പറയാൻ തയ്യാറായാൽ വലിയ കാര്യമാകും.
വിശ്വാസികള യുപി പോലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം.
യുപിയിലെ റായ്ബറേലിയിൽ നിന്ന് ജയിച്ച രാഹുൽ ഗാന്ധിയും യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കലാപ ശ്രമങ്ങൾ നേരിട്ട് മനസിലാക്കാൻ എത്രയുംവേഗം ഇടപെടണം.
“ഇൻഡ്യ” മുന്നണിയെ ഉത്തർപ്രദേശിൽ ജയിപ്പിക്കാനും ബി.ജെ.പിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളാനും പരിശ്രമിച്ച സമൂഹത്തിനു നേർക്ക് അധികാരത്തിന്റെ രഥമുരുളുമ്പോൾ പ്രതിരോധിക്കേണ്ട ചുമതല അവർക്കുണ്ട്.
ഉടൻതന്നെ രണ്ടു നേതാക്കളും പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കണം. മരച്ചവരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കണം. മുഖ്യമന്ത്രി യോഗിയെ നേരിൽ കണ്ട് പ്രതിഷേധമറിയിക്കണം. യുപി യിൽ തോന്നിവാസം കാട്ടിയാൽ ചോദിക്കാനും പറയാനും ആളുണ്ടെന്ന് ഭരണാധികൂടം മനസിലാക്കട്ടെ. മൗനം കൊണ്ട് ഓട്ടയടക്കുന്ന സ്ഥിരം പല്ലവി ആവർത്തിക്കരുത്.
ലക്നോയിൽ ഗുണ്ടാരാജിനെതിരായി സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റേയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കണം. ബിജെപിയെ തോൽപ്പിക്കാൻ “ഇൻഡ്യ” മുന്നണിക്ക് വോട്ടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു. അതിന്റെ പേരിൽ അക്രമം നേരിടുന്നവരെ സംരക്ഷിക്കാൻ അഖിലേഷിനും രാഹുലിനും കഴിയുന്നില്ലെങ്കിൽ “ഇൻഡ്യ” മുന്നണിയുടെ ഭാവി കണ്ടറിയേണ്ടിവരും.