കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ വര്‍ഗീയത ഇളക്കിവിട്ടെന്ന ആരോപണവുമായി കെ.ടി. ജലീൽ. ആരംഭംതൊട്ടേ സ്ഥാനാര്‍ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ അമിതാവേശം കാണിച്ചു. നോമ്പും പെരുന്നാളും പെരുന്നാൾ നമസ്കാരവും വെള്ളിയാഴ്ച ജുമുഅയും തെരഞ്ഞെടുപ്പു കമ്പോളത്തിൽ നല്ല വിൽപ്പനച്ചരക്കാക്കി യുഡിഎഫ് മാറ്റിയെന്നും ജലീൽ ആരോപിച്ചു. തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് വർഗീയ വത്കരിക്കാൻ ശ്രമിച്ചു. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണെന്നും ജലീൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ വിമർശനം.
ലീഗും കോൺഗ്രസിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ജനാധിപത്യ ഉത്സവത്തെ ഒരുതരം “മതോത്സവ’മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ ഇവന്റ് മാനേജ്മെന്റ് ടീമായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയില്ല. അവർ ചോദിച്ച വടകര സീറ്റിൽ ലീഗിനുകൂടി സമ്മതനായ ഒരാളെ കോൺഗ്രസ് മത്സരിപ്പിച്ചു. ലീഗിന്റെ വിഭവശേഷി ആളായും അർഥമായും പരമാവധി ഉപയോഗിച്ചു. വടകരയിൽ കോൺഗ്രസ് ആദ്യമായിട്ടല്ല മത്സരിക്കുന്നത്. മുല്ലപ്പള്ളിയും മുരളീധരനുമൊക്കെ അവിടെ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ രാഷ്ട്രീയമായാണ് ലീഗ് തെരഞ്ഞെടുപ്പിനെ കണ്ടത്. മുൻതെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് ഇത്തവണ വടകരയിൽ കണ്ടത്. ഒരുതരം വന്യമായ ആവേശത്തോടെ കോടികൾ പൊടിച്ച് നടത്തിയ ആറാട്ടാണ് അവിടെ നടന്നത്.
ശൈലജ ടീച്ചറെപ്പോലെ ക്രൂരമായ വ്യക്തിഹത്യക്ക് ഇരയായ ഒരു സ്ഥാനാർഥി കേരളത്തിൽ വേറെ ഉണ്ടാവില്ല. “കോവിഡ് കള്ളി’, “പെരുംകള്ളി” എന്നെല്ലാമുള്ള പച്ചക്കള്ളങ്ങൾക്കൊപ്പം അശ്ലീല ചുവയുള്ള നിരവധി വാക്കുകളും വീഡിയോ ക്ലിപ്പിംഗുകളും അവർക്കെതിരേ യൂത്ത് ലീഗ്-യൂത്ത്കോൺഗ്രസ് സൈബർ തെമ്മാടികൾ ഉപയോഗിച്ചു. നിപയും കോവിഡും തിമർത്താടിയപ്പോൾ ഉലയാത്ത ടീച്ചറുടെ മനസ് ഇന്നോളം കേൾക്കാത്ത അപവാദങ്ങൾ കേൾക്കേണ്ടി വന്നപ്പോൾ ആടിയുലഞ്ഞുകാണും.
സിപിഎമ്മിനെതിരേ വാർത്ത ചമക്കാൻ ടീച്ചറെ ഒരുഘട്ടത്തിൽ പാടിപ്പുകഴ്ത്തിയിരുന്ന മാധ്യമങ്ങൾ അവരുടെ തനിസ്വരൂപം കാണിച്ച് “ടീച്ചർവധത്തിന്’ എരിവും പുളിയും പകർന്നുവെന്നും കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കടുക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ 77.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.