ഗാന്ധിനഗർ: റെഡ് സോണിൽ നിന്നും വീണ്ടും ഗ്രീൻസോണിലേക്ക്. ആശങ്കകൾക്ക് വിരാമമിട്ട് ജില്ല വീണ്ടും കോവിഡ് മുക്ത ജില്ലയായി. കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആറു പേരും ആശുപത്രി വിട്ടു. ഇതോടെ ജില്ല കോവിഡ് മുക്തമായി. 11 പേരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു.
പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50), കിടങ്ങൂർ പുന്നത്തുറ സ്വദേശിനിയായ തിരുവനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തക (33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടത്.
കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ നട്ടാശേരി സ്വദേശി (37), മുട്ടന്പലം സ്വദേശി (40), കുഴിമറ്റം സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), ഇദ്ദേഹത്തിന്റെ മാതാവ് (60) ഇവരുടെ ബന്ധുവായ (55) കാരി, പാറന്പുഴയിലെ ആരോഗ്യ പ്രവത്തകൻ (40), വിദേശത്തു നിന്നെത്തിയ സംക്രാന്തിക്കാരി (55), അന്തർസംസ്ഥാന ലോറി ഡ്രൈവർ മണർകാട് സ്വദേശി (50), ട്രക് ഡ്രൈവർ മണർകാട് സ്വദേശി (43), തമിഴ്നാട് സ്വദേശിയും ചങ്ങനാശേരിയിൽ താമസക്കാരനുമായ വ്യക്തി (56), സേലത്തു നിന്നെത്തിയ മേലുകാവ് സ്വദേശി (28) എന്നിവർ തിങ്കളാഴ്ച വൈകുന്നേരം ആശുപത്രി വിട്ടിരുന്നു.
രോഗം സ്ഥിരീകരിച്ച ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയുകയും കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തവരും ഇന്നലെ ഡിസ്ചാർജ് ചെയ്തവരും 14 ദിവസത്തെ ഹോം ക്വാറന്റയിനു ശേഷം പുനർ പരിശോധനയ്ക്കു വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചേരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ഇനി കോവിഡ് 19 വൈറസ് രോഗബാധിതരായി ആരും മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇല്ലെന്നും, ഇന്ന് വിദേശ രാജ്യങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ രോഗബാധിതരായോ നിരീക്ഷണത്തിനായോ ആരെങ്കിലും എത്തിയാൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.