സൂപ്പർബൈക്കുകളിലേക്ക് യുവാക്കളെ ആകർഷിച്ച കെടിഎം ഡ്യൂക്ക് തങ്ങളുടെ കുഞ്ഞൻ മോട്ടോർസൈക്കിൾ ഉടൻ വിപണിയിലിറക്കും. 200 സിസിക്കു മുകളിൽ സൂപ്പർ ബൈക്കുകളുടെ വിഭാഗത്തിലായിരുന്നു ഇതുവരെ ഡ്യൂക്കിനെ അവതരിപ്പിച്ചിരുന്നതെങ്കിൽ 125 സിസി കമ്യൂട്ടർ വിഭാഗത്തിലേക്കാണ് പുതിയ മോഡൽ എത്തുന്നത്. വിപണിയിൽ എത്തിയാൽ ഏറ്റവും വലിയുള്ള 125 സിസി മോട്ടോർസൈക്കിൾ എന്ന പേരും ഡ്യൂക്ക് 125ന് സ്വന്തമാകും.
ഡിസൈൻ
ഡ്യൂക്ക് 390നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലും ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ 250 സിസി ബോഡിയിലാണ് 125 സിസി മോഡലിനെ ചിട്ടപ്പെട്ടുത്തിയെടുക്കുക. വെള്ള-ഓറഞ്ച് നിറത്തിൽ ട്യൂബുലാർ ഫ്രേമിലാണ് നിർമാണം. നേക്കഡ് സ്ട്രീറ്റ് ബൈക്ക് സ്റ്റൈലിന് മാറ്റം വരുത്തിയിട്ടില്ല. കൂർത്ത ഹെഡ് ലാന്പും, ഡിജിറ്റൽ മീറ്ററും എല്ലാം വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഹെഡ്ലൈറ്റിനേക്കാളും ഉയരമുണ്ട് ടാങ്കിന്.
സസ്പെൻഷൻ
മുന്നിൽ യുഎസ്ഡി ഫോർക്കുകളും പിന്നിൽ മോണോഷോക്കും.
ബ്രേക്ക്
മുന്നിൽ 300എംഎം ഡിസ്ക്, പിന്നിൽ 250 എംഎം ഡിസ്ക്. അന്താരാഷ്ട്ര മാർക്കറ്റിൽ ഡ്യൂക്ക് 125ന് എബിഎസ് നല്കുന്നുണ്ട്. എന്നാൽ, 125 സിസി മോട്ടോർസൈക്കിളുകൾക്ക് എബിഎസ് നിർബന്ധമല്ലാത്തതിനാൽ ഇന്ത്യയിൽ ഇറങ്ങുന്ന ഡ്യൂക്ക് 125ന് എബിഎസ് ഉണ്ടാവില്ല. ഇത് വാഹനത്തിന്റെ വില കുറയാനും കാരണമാകും. എന്നാൽ, സിബിഎസ് (കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം) നല്കാനിടയുണ്ട്.
എൻജിൻ
124.7 സിസി, സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എൻജിൻ 15 ബിഎച്ച്പി പവറിൽ 12 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഗിയർബോക്സ് 6 സ്പീഡ്. 35-40 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം.
എന്തുകൊണ്ട് 125
യൂറോപ്പിലൊക്കെ എ1 ലൈസൻസ് ഉള്ളവർക്കു മാത്രമായാണ് ഡ്യൂക്ക് 125 ഇറക്കുന്നത്. എന്നാൽ, ഇന്ത്യയിൽ കമ്യൂട്ടർ വാഹനവിഭാഗത്തിലാണ് 125 സിസി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുക. അതുകൊണ്ടുതന്നെ കൂടുതൽ യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വില
ബജാജിന്റെ മഹാരാഷ്ട്രയിലെ ചാകൻ പ്ലാന്റിൽ നിർമിക്കുന്ന ഡ്യൂക്ക് 125ന് 1.5-1.6 ലക്ഷം രൂപ വില (ഓൺ റോഡ്) പ്രതീക്ഷിക്കാം.
ഓട്ടോസ്പോട്ട്
ഐബി ([email protected])