കാഞ്ഞിരപ്പള്ളി: നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ. ബാബു – സൂസൻ ദന്പതികളുടെ മകൻ ഇഹാനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12നു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവ സമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടി വരുന്നയാളാണെന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് അമ്മയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
അമ്മ സൂസനാണ് ഓട്ടോ ഡ്രൈവറായ ഭർത്താവ് റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചതെന്നു പോലീസ് പറയുന്നു.
തുടർന്ന് റിജോ വാർഡംഗം ആന്റണി ജോസഫിനെയും കൂട്ടി വീട്ടിലെത്തി ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ, കുട്ടിയുടെ മരണശേഷം കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അമ്മയെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി സാധാരണ നിലയിലാക്കിയശേഷം ചോദ്യം ചെയ്താലേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ഡിവൈഎസ്പി അറിയിച്ചു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം പൂമറ്റം സെന്റ് തോമസ് പള്ളിയിൽ സംസ്കരിച്ചു.