പാന്പാടി: കൂരോപ്പടയിൽ വൈദികന്റെ വീട്ടിൽനിന്നു സ്വർണവും പണവും മോഷ്ടിച്ച കേസിൽ മകൻ പിടിയിൽ.
തൃക്കോതമംഗലം സെന്റ് മേരീസ് ബത്ലഹേം പാത്രിയാർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാൻ എളപ്പനാലിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പരാതിക്കാരന്റെ മൂത്ത മകൻ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാനെ (36) ആണ് പാന്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു.
തുടർന്നാണ് മോഷണം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടിയത്.
റമ്മി കളിയും ലോട്ടറിഭ്രമവും വിനയായി
റമ്മി കളിച്ചും ലോട്ടറിക്കട നടത്തിയുമുണ്ടായ കടം വീട്ടുന്നതിനുവേണ്ടിയാണ് സ്വന്തം വീട്ടിൽനിന്ന് ഇയാൾ മോഷണം നടത്തിയതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു.
കഴിഞ്ഞ് ഒന്പതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 45 പവനും 90,000 രൂപയുമാണ് മോഷണം പോയത്. ഇതിൽ കുറച്ച് സ്വർണം വീടിനോട് ചേർന്നുള്ള ഇടവഴിയിൽനിന്നു കിട്ടിയിരുന്നു.
ശാസ്ത്രീയ അന്വേഷണ സംഘവും പോലീസിന്റെ വിരലടയാള വിദഗ്ധരും അടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നു.
സംഭവം നടന്ന വീടിനുള്ളിൽനിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും പ്രഫഷണൽ അല്ലാത്ത മോഷണരീതിയും ഇയാളിലേക്ക് പോലീസിന്റെ സംശയമെത്തിച്ചു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയം മനസിലാക്കി ഡ്യുപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അടുക്കളവാതിൽ തുറന്നുകയറിയാണ് മോഷണം നടത്തിയത്.
വീടുമായി അടുപ്പമുള്ളവരാകാം മോഷണത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് പോലീസ് സംഘം വൈദികന്റെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ഇന്നലെ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ഷിനോ കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാൽ വലിയ സാന്പത്തിക ബാധ്യത ഉണ്ടായിരുന്നു.
കടം വീട്ടുന്നതിനു വേണ്ടിയാണ് സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് പദ്ധതിയിട്ടത്. പാന്പാടി എസ്എച്ച്ഒ കെ.ആർ. പ്രശാന്ത് കുമാർ, പള്ളിക്കത്തോട് എസ്എച്ച്ഒ എസ്. പ്രദീപ്, എസ്ഐമാരായ കെ.എസ്. ലെബിമോൻ,
കെ.ആർ. ശ്രീരംഗൻ, ജോമോൻ എം. തോമസ്, എം.എ ബിനോയി, ജി.രാജേഷ്, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ ജയകൃഷ്ണൻ, ഫെർണാണ്ടസ്,
സാജു പി. മാത്യു, ജിബിൻ ലോബോ, പി.സി. സുനിൽ, ജസ്റ്റിൻ, ജി. രഞ്ജിത്ത്, ടി.ജി. സതീഷ്, സരുണ് രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.