കോട്ടയം: ലോക്ക് ഡൗണിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ റോഡിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നിയന്ത്രണം ശക്തമാക്കിയതിനിടയിലും ഇന്നലെ അനാവശ്യമായി റോഡിലിറങ്ങിയ 213 പേർക്കെതിരേ കേസെടുക്കുകയും 49 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നു രാവിലെയും കർശന പരിശോധനയുമായി പോലീസ് ജില്ലയിൽ വിവിധ റോഡുകളിലുണ്ട്.
ലോക്ക് ഡൗണിനോട് ജനങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സത്യവാങ്മൂലം കൈയിൽ കരുതിയവരെയും അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്ന യാത്രക്കാരെയും പോലീസ് പോകാൻ അനുവദിക്കുന്നുണ്ട്. പച്ചക്കറി, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി എത്തുന്നവരുടെ എണ്ണം കുറവാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി കോട്ടയം നഗരത്തിലെ മാർക്കറ്റ്, കോടിമത മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്നു തിരക്കില്ല. മെഡിക്കൽ സ്റ്റോറുകളിലും തിരക്ക് കുറവാണ്.
കടകളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കുന്നില്ലെന്നും, ക്യൂവുണ്ടെങ്കിൽ കൃത്യമായി ഇവർ അകലം പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമേ സാധനങ്ങൾ വില കൂട്ടി വിറ്റാൽ കട അടപ്പിക്കുമെന്നും പച്ചക്കറികൾ വിൽക്കുന്ന കടകൾ വില നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും പോലീസ് പറഞ്ഞു.
ഓട്ടോക്കാർ പെരുവഴിയില്; സർക്കാർ സഹായം വേണമെന്ന്
കുറവിലങ്ങാട്: അല്പം സാഹസത്തിൽ ഓട്ടംതേടി വഴിയിലിറങ്ങിയാലും വഴി തെളിയാതെ ഓട്ടോറിക്ഷക്കാർ. ഓട്ടോറിക്ഷയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളാണ് പ്രതിസന്ധിയിലായിട്ടുള്ളത്.
ഓട്ടം വിളിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന പ്രതീക്ഷ ബാക്കിവെച്ച് വെറുംകൈയോടെ മടങ്ങുന്നതാണ് ഇപ്പോൾ സ്ഥിതി. പ്രത്യേക സാഹചര്യം പരിഗണിച്ച് ക്ഷേമനിധിയുമായി ബന്ധപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള സാന്പത്തിക സഹായം ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് ഓട്ടോക്കാർ. മറ്റ് ടാക്സി ഡ്രൈവർമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.