കോട്ടയം: പെരുമഴയാണ് സാർ, ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല… അവധി നൽകണം. റോഡിൽ വെള്ളക്കെട്ടാണ്, ബസ് കിട്ടില്ല, അവധി വേണം… ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ ഫേസ് ബുക്ക് പേജിലേക്ക് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇന്നലെ രാവിലെമുതൽ അയച്ച സന്ദേശങ്ങളാണ് ഇവ.
മറ്റു ജില്ലകളിൽ അവധി നൽകിയിട്ടും തങ്ങൾക്ക് അവധി നൽകാത്തതിലുള്ള പ്രതിഷേധമാണു കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായത് മാതാപിതാക്കളെയും കുട്ടികളെയും വലച്ചു. പിന്നീട് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് വന്നതോടെയാണു ആശങ്ക മാറിയത്.