കോട്ടയം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ, പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജിതമാക്കി.
ജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്നും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വിഭാഗം വിപുലീകരിച്ചു. മറ്റ് ജനറൽ, താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
പഞ്ചായത്തുകളിൽ തീവ്രയജ്ഞ പരിപാടി
രോഗം സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികൾ യോഗം ചേർന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ചിരുന്നവർ താമസിച്ച പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബർ കണ്വീനറും കുടുംബശ്രീ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളുമായുള്ള പതിനഞ്ചംഗ സംഘം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തും. ഇതിനു പുറമെ മൈക്ക് അനൗണ്സ്മെന്റും ലഘുലേഖ വിതരണവും നടത്തും.
വീട്ടിൽ ഭക്ഷണം എത്തിക്കും
വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരുടെ വീട്ടിലുള്ള മാതാപിതാക്കൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും അവശ്യ സഹായങ്ങളും ലഭ്യമാക്കും.
സ്ഥിതിഗതികൾ വിലയിരുത്തി
ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമിതിയുടെ ജില്ലാതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തു.
ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, എഡിഎം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാർ, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത് കുമാർ, ഡെപ്യൂട്ടി ഡിഎംഒ കെ.ആർ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.
തഹസിൽദാർമാർക്ക് നിർദേശം
പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവരുണ്ടെങ്കിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തുടർ നടപടികൾ സംബന്ധിച്ച് തഹസിൽദാർമാർക്ക് നിർദേശം നൽകി.
പൊതു പരിപാടികൾ ഒഴിവാക്കണം
പൊതുജനങ്ങൾ ഒത്തുചേരുന്ന പരിപാടികളും ചടങ്ങുകളും പരമാവധി ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
വിവാഹച്ചടങ്ങുകളിലും ഒഴിവാക്കാനാകാത്ത കുടുംബ പരിപാടികളിലും അത്യാവശ്യം ആളുകൾ മാത്രം പങ്കെടുക്കാൻ ശ്രദ്ധിക്കണം.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് നാഗന്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിലെ തിരുക്കർമങ്ങൾ ഇന്നലെ ഓണ്ലൈനിൽ നടത്താൻ തീരുമാനിച്ചത് സ്വാഗതാർഹമെന്ന് അവലോകന യോഗം വിലയിരുത്തി.
എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കും
ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പരിഗണിച്ച് ജില്ലയിലെ എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം മാർച്ച് അവസാനം വരെ പൂർണമായി നിർത്തിവയ്ക്കുമെന്ന് പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികൾ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ അറിയിച്ചു. ഐഇഎൽടിഎസ് സെന്ററുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനവും നിർത്തിവയ്ക്കാൻ നിർദേശമുണ്ട്.
വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവർ അറിയിക്കണം
ഇറ്റലി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവർ കൊറോണ സെല്ലിൽ വിവരം നൽകാനും ജനസന്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയാനും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങളുണ്ടെങ്കിൽ വിവരം നൽകുന്നപക്ഷം പരിശോധനയ്ക്കും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും.
വിളിക്കേണ്ട നന്പരുകൾ
സംശയ നിവാരണത്തിനും ചികിത്സാ സഹായത്തിനും വിളിക്കേണ്ട നന്പരുകൾ 1077, 0481 2581900, 0481 2304800 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ജാഗ്രതാ നിർദേശം
വിദേശ രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവരെയും കുറിച്ച് കൊറോണ കണ്ട്രോൾ റൂമിൽ വിവരം നൽകുന്നതിന് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിർദേശം നൽകി.
രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചു. ക്ലബുകൾ, റസ്റ്ററൻറുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നീന്തൽ കുളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പിന്തുണയുമായി സ്വകാര്യ ആശുപത്രികളും
കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പരിഗണിച്ച് കൊറോണ വൈറസ് പ്രതിരോധ നടപടികൾക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ സഹകരണം വാഗ്ദാനം ചെയ്തു.
വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാമെന്ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രികളുടെ പ്രതിനിധികൾ അറിയിച്ചു. വിവിധ സ്വകാര്യ ആശുപത്രികളിലായി 24 ഐസൊലേഷൻ മുറികളാണ് സജ്ജീക്കുക.
മെഡിക്കൽ കോളജും കോട്ടയം ജനറൽ ആശുപത്രിയും ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ 53 പേരെ ഐസൊലേഷനിൽ പാർപ്പിക്കാനുള്ള സൗകര്യം നേരത്തെ സജ്ജമാക്കിയിട്ടുണ്ട്.
രോഗികളുടെ യാത്രാ ചരിത്രം പരിശോധിക്കണം
വരും ദിവസങ്ങളിൽ രോഗബാധ സംശയിച്ച് കൂടുതൽ ആളുകൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താൻ സാധ്യതയുണ്ട്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരുടെ യാത്രാ ചരിത്രം വിശദമായി പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയവരോ അത്തരം ആളുകളുമായി സന്പർക്കത്തിലേർപ്പെട്ടവരോ ആണെങ്കിൽ അടിയന്തരമായി ഐസൊലേറ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുകയും ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും വേണം.
സ്വയം ചികിത്സ പാടില്ല
ആരോഗ്യ പ്രശ്നങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യാൻ പാടില്ല. സർക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കൃതൃമായി പാലിക്കാൻ എല്ലാവരും തയാറാകണം.
എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ടതില്ല
എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ല. രോഗികളും അവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും ഉപയോഗിച്ചാൽ മതിയാകും. പനി, ജലദോഷം തുടങ്ങിയവയുള്ളവർ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.
സാന്പിൾ ശേഖരിക്കുന്നതിന് മുൻകരുതൽ വേണം
ഐസൊലേറ്റ് ചെയ്യപ്പെടുന്നവരുടെ സ്രവം പരിശോധനയ്ക്കായി എടുക്കുന്നത് ക്ലിനിക്കൽ ഡോക്ടറുടെ നേതൃത്വത്തിലായിരിക്കണം. സാന്പിൾ ശേഖരിക്കുന്നവർ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സന്പൂർണ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
സാന്പിളുകൾ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേനയാണ് പരിശോധനയ്ക്ക് അയയ്ക്കേണ്ടത്. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ മെഡിക്കൽ കോളേജിലേക്കോ കോട്ടയം ജനറൽ ആശുപത്രിയിലേക്കോ മാറ്റുന്നതിന് നടപടി സ്വീകരിക്കും.
സ്വകാര്യ ലാബുകളിലെ പരിശോധന ഒഴിവാക്കണം
വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ളവരുടെ സ്രവങ്ങൾ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കുന്നത് ഒഴിവാക്കണം.
വിദേശ രാജ്യങ്ങളിൽനിന്ന് എത്തി നേരിട്ട് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്നവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പൊതുവായ ക്യൂവിൽ നിൽക്കാതെ അതിവേഗം പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കണം.
സ്വകാര്യ ആശുപത്രികൾ ഏതെങ്കിലും രോഗികൾക്ക് ഹോം ക്വാറന്റയിൻ നിർദേശിച്ചാൽ അവരുടെ വിവരങ്ങൾ കളക്ടറേറ്റിലെ കൊറോണ കണ്ട്രോൾ റൂമിൽ അറിയിക്കണം.
നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കോട്ടയത്തുനിന്നുള്ള രണ്ടു പേർക്കും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽനിന്ന് ഇവിടെ എത്തിച്ച ഇവരുടെ രണ്ടു ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
10 പേർ ആശുപത്രി നിരീക്ഷണത്തിൽ
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽനിന്നു വന്ന തിരുവാർപ്പ് സ്വദേശിനിയെയും കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഇതോടെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒന്പതായി. കോട്ടയം ജനറൽ ആശുപത്രിയിലും ഒരാൾ നിരീക്ഷണത്തിലുണ്ട്.
167 പേർ വീടുകളിൽ നിരീക്ഷണത്തിൽ
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടവർ (പ്രൈമറി കോണ്ടാക്ട്സ്) ഉൾപ്പെടെ 76 പേർക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിൻ നിർദേശിച്ചു.
ഇതോടെ ജില്ലയിൽ ജനസന്പർക്കമില്ലാതെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 167 ആയി. പ്രൈമറി കോണ്ടാക്ട്സ് പട്ടികയിൽപെട്ടവരുമായി ഇടപഴകിയവരെ(സെക്കൻഡറി കോണ്ടാക്ട്സ്) കണ്ടെത്തുന്നതിന് ഊർജിത ശ്രമം ആരംഭിച്ചു.
ഇതിനായി മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള ഏഴു സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇങ്ങനെ കണ്ടെത്തുന്നവർക്കും ഹോം ക്വാറന്റയിൻ നിർദേശിക്കും.
രോഗികളുടെ എണ്ണത്തിൽ വൻ കുറവ്
ഗാന്ധിനഗർ: കൊറോണ ഭീതി ഉണ്ടായതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവ്.
തിങ്കളാഴ്ച ഒപി വിഭാഗത്തിൽ എത്തിയത് 1600 പേർ മാത്രം. ഇന്നലെ ഒപിയിൽ എത്തിയതു 1200 പേർ മാത്രാമാണ്. സാധാരണ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ 2000ൽപ്പരം രോഗികൾ ഒപിയിൽ എത്തേണ്ടതാണ്.
ഇന്നലെ മറ്റു ഒപികൾക്കു പുറമെ ന്യൂറോ സർജറി, ന്യൂറോ മെഡിസിൻ എന്നിവയുടെ ഒപി ഉണ്ടായിരിന്നിട്ടുപോലും ഡോക്ടറെ കാണുന്നതിനായി തിരക്ക് അനുഭവപ്പെട്ടില്ല.
സാധാരണ ഗതിയിൽ ആഴ്ചയിൽ രണ്ടു ദിവസം മാത്രമുള്ള ന്യൂറോ ഒപി ( ചൊവ്വ, വെള്ളി) ദിവസം രജിസ്ട്രേഷൻ കൗണ്ടറിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ട്.
കൊറോണ രോഗലക്ഷണമുള്ളവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയും ചികിത്സ തേടിയെത്തുകയും രോഗി സന്ദർശനത്തിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതാണു ജനങ്ങൾക്ക് ആശങ്കയുണ്ടാകാൻ കാരണം.
ജനങ്ങൾ ആശങ്കപ്പെടേണ്ടതൊന്നുമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജിൽ മാസ്കില്ലെന്ന പ്രചാരണം തെറ്റെന്ന്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ മാസ്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ആശുപത്രി അധികൃതർ.
കൊറോണ രോഗലക്ഷണമുള്ളവർ ചികിത്സ തേടിയെത്തുന്നതിനെ തുടർന്ന് ആവശ്യത്തിന് മാസ്ക് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും, ഇന്നലെ 10,000 മാസ്ക് കൂടി എത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി. രഞ്ജൻ അറിയിച്ചു. എല്ലാ വിഭാഗം ജീവനക്കാർക്കും ഡോക്ടർമാർക്കും ധരിക്കുവാനുള്ള മാസ്ക് ഉണ്ട്.
എന്നാൽ ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള പ്രോട്ടോക്കോൾ പ്രകാരമേ വിതരണം ചെയ്യുകയുള്ളൂ. മാസ്ക് ആവശ്യമായി വന്നാൽ ഉടൻ എത്തിക്കുന്നതിനുള്ള സംവിധാനം ആരോഗ്യ വകുപ്പ് സെക്രട്ടറി സജ്ജീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും, അടിയന്തര സാഹചര്യമുണ്ടായാൽ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന 20,000 മാസ്ക് പ്രയോജനപ്പെടുത്തുവാൻ അനുമതിയുണ്ടെന്നും ആർഎംഒ അറിയിച്ചു.
അതേസമയം കൊറോണ രോഗലക്ഷണമുള്ളവർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയെന്നറിഞ്ഞതു മുതൽ മുഴുവൻ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കുകയാണ്.
മറ്റു പല സ്ഥലങ്ങളിലേയും സ്വകാര്യ ഇംഗ്ലീഷ് മരുന്നുശാലകൾ മാസ്കിന്റെ വില ഇരട്ടിയിലധികം വർധിപ്പിച്ചെങ്കിലും, മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ മരുന്ന് സ്ഥാപനങ്ങൾ വിലവർധിപ്പിച്ചിട്ടില്ല.