കോട്ടയം: ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും മീനിന്റെ ലഭ്യത കുറഞ്ഞതുമൂലം വിലയിൽ വലിയ കുറവുണ്ടായിട്ടില്ല. പല മീനുകളുടെയും വിലയിൽ നേരിയ വ്യത്യാസം മാത്രമേയുണ്ടായുള്ളൂ. കിളിമീനും അയലയുമാണ് കൂടുതലായും ലഭിക്കുന്നത്. 31ന് അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയെങ്കിലും കാര്യമായി മീൻ ലഭിച്ചില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. ഇതാദ്യമായിട്ടാണ് മത്സ്യത്തിന്റെ ലഭ്യത ഇത്രയും കുറഞ്ഞതെന്ന് ബോട്ടുടമകൾ പറഞ്ഞു. മത്തിയുടെ വരവിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. വലുതും ഇടത്തരം വലുപ്പവുമുള്ള മത്തി കിട്ടാനേയില്ല.
വലുപ്പം കുറഞ്ഞ മത്തിക്കാകട്ടെ കിലോയ്ക്ക് 160 രൂപയാണ് വില. അയലയുടെ വില 120-150 രൂപയാണ്. ട്രോളിംഗ് സമയത്ത് 240 രൂപ വരെയായിരുന്നു വില. കിളിമീനിന് കിലോയ്ക്ക് 140 രൂപയാണ് വില. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ട്രോളിംഗ് നിരോധനം നീക്കിയപ്പോൾ ഒന്നരകിലോ കിളിമീനിന് 100 രൂപയായിരുന്നു വിലയെന്ന് വ്യാപാരികൾ പറയുന്നു.