കോട്ടയം: കഴിഞ്ഞ വർഷത്തെ മഹാ പ്രളയം ആവർത്തിക്കുന്ന രീതിയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 29 കുടുംബങ്ങളിലായി 114 പേർ ക്യാന്പുകളിൽ കഴിയുന്നു. ഇന്നു പുലർച്ചെയുണ്ടായ കൊടുങ്കാറ്റിൽ നിരവധി വീടുകൾ തകർന്നു. വീടു തകർന്ന് കുമരകത്ത് നാലുപേർക്കും പാലായിൽ മതിൽ ഇടിഞ്ഞു വീണ് ഒരാൾക്കും പരിക്കേറ്റു. പലയിടത്തും വാഹന ഗതാഗതം നിലച്ചു. പാലാ ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതം നിലച്ചു.
കുമരകത്ത് അട്ടിപ്പീടികയിൽ വീടുതകർന്ന് പരിക്കേറ്റ ഹരീഷ് (40), ഭാര്യ രാധാദേവി (39), അമ്മ ജാനകി (80) എന്നിവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിക്കുണ്ടായ കൊടുങ്കാറ്റിലാണ് ഇവരുടെ വീട് തകർന്നു വീണത്.
ഈരാറ്റുപേട്ടയിൽ ഇന്റർ ലോക്ക് കന്പനിയിൽ ജോലി ചെയ്യുന്ന ബിൻലാൽ എന്നയാൾ മതിൽ ഇടിഞ്ഞു വീണു പരിക്കേറ്റു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണ് അപകടം. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പള്ളിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ മൂന്നു കുടുംബങ്ങളിലായി 13 പേർ കഴിയുന്നു. പുലിയന്നൂരിലെ ക്യാന്പിൽ ഒരു കുടുംബത്തിലെ നാലുപേർ താമസിക്കുന്നു. കോട്ടയം താലൂക്കിൽ പെരുന്പായിക്കാട്ട് ആരംഭിച്ച ക്യാന്പിൽ മൂന്നു കുടുംങ്ങളിലെ 13 പേരും അയർക്കുന്നത്തെ ക്യാന്പിൽ രണ്ടു കുടുംബങ്ങളിലെ ആറു പേരും കഴിയുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ 20 കുടുംബങ്ങളിലായി 78 പേർ കഴിയുന്നു.
ഇന്നലെ മാത്രം ജില്ലയിൽ 102 വീടുകൾ ഭാഗികമായും എട്ടു വീടുകൾ പൂർണമായും നശിച്ചു. കാറ്റിൽ മരം വീണാണ് വീടുകൾക്ക് നാശമുണ്ടായത്. തീക്കോയി ,തലനാട് പഞ്ചായത്തുകളിൽ നാലിടത്ത് ഇന്നു പുലർച്ചെ വീണ്ടും ഉരുൾ പൊട്ടി. നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.
രാത്രിമുതൽ തുടങ്ങിയ പെരുമഴയിലും മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണിമല, പന്പ, അഴുത, മീനച്ചിൽ പുഴകളുടെ തീരങ്ങളെ കവിഞ്ഞൊഴുകി. മുണ്ടക്കയം, പഴയിടം, അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കോരുത്തോട് പാലങ്ങളിൽ വെള്ളം കയറി. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടിൽ ഗതാഗം തടസപ്പെട്ടു. തീക്കോയി കാരിക്കോട് ടോപ്പിലും പെരുവന്താനം അഴങ്ങാട്ടിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഈരാറ്റുപേട്ട-പാലാ റോഡിൽ പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മഴ ഇന്നും തുടരുമെന്നാണു കാലാവസ്ഥാപ്രവചനം.
പുല്ലകയാറും മണിമലയാറും അഴുതയും കവിഞ്ഞതോടെ മുണ്ടക്കയം പാലം വെള്ളത്തിലായി. അഴങ്ങാട് മേഖയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപകകൃഷിനാശമുണ്ടായി. പെരുവന്താനം-അഴങ്ങാട് റോഡ് മുറിഞ്ഞു. കോരുത്തോട് വില്ലേജ് ഓഫീസിൽ വെള്ളം കയറിയെങ്കിലും ഫയൽനാശമുണ്ടായില്ല. പ്രദേശത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മഴ തുടരുമെന്ന്
കോട്ടയം: ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് 34.4 മില്ലീമീറ്റർ മഴ. ഇന്നലെ പുലർച്ച മൂന്നു മുതൽ രാവിലെ ഏഴുവരെ പെരുമഴ പെയ്തതാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും കാരണമായത്. ഇക്കൊല്ലത്തെ കൂടിയ മഴ ലഭിച്ചത് ജൂലൈ 20നാണ് – 100 മില്ലീമീറ്റർ. അന്തരീക്ഷ ഈർപ്പം 98ൽ എത്തിയതിനാൽ തിങ്കൾ വരെ മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. 12നുശേഷം മഴ വീണ്ടും ശ്ക്തിപ്പെടാനാണ് സാധ്യത.
സുരക്ഷാ മുന്നറിയിപ്പ്
കോട്ടയം: നദികളും മലകളുമുള്ള മേഖലയിലെ രാത്രികാല ഗതാഗതം സുരക്ഷിതമല്ല. വാഹനങ്ങൾ മഞ്ഞലൈറ്റ് പ്രകാശിപ്പിച്ച് രാത്രിയിലും മഴയിലും ഓടിക്കണം. വേണ്ടിടത്തോളം ക്യാന്പുകൾ തുറക്കാൻ നിർദേശമുണ്ട്. ജില്ലയിൽ ട്രക്കിംഗിനും റേയ്സിംഗിനും നിരോധനമുണ്ട്. പാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വെള്ളം കയറിയ പാലങ്ങളിലും റോഡുകളിലും വാഹനം ഓടിക്കരുത്.
ബസ് സർവീസ് മുടങ്ങി
കോട്ടയം: പെരിയാർ മുങ്ങി കിഴക്കൻ കുന്നുകളിൽ മണ്ണിടിഞ്ഞതോടെ കഐസ്ആർടിസി കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന റൂട്ടുകളിൽ ബസ് സർവീസ് മുടങ്ങി. കോട്ടയം ബസുകൾ മുണ്ടക്കയം വരെ ഇന്നലെ ഓടി സർവീസ് നിറുത്തി. കുമളി ബസുകൾ വണ്ടിപ്പെരിയാർ മുങ്ങിയതിനാൽ കോട്ടയത്തേക്ക് സർവീസ് നടത്തിയില്ല. കാഞ്ഞിരപ്പള്ളി – മണിമല റോഡിൽ മൂലേപ്ലാവ് റോഡ് അപകടത്തിലാണ്.
പഴയിടം വഴി തിരിച്ചുവിട്ട ഗതാഗതത്തിനു വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്നലെ നിരോധനം ഏർപ്പെടുത്തി. കോട്ടയത്തുനിന്നു സ്വകാര്യ ബസുകൾ കുമളി, കട്ടപ്പന സർവീസുകൾ ഭാഗികമായി നടത്തി. മലബാർ ബസ് സർവീസുകൾ മുടക്കമില്ലാതെ നടന്നു. ബക്രീദ് അവധി പ്രമാണിച്ചിച്ച് അവധി വരുന്നതിനാൽ ബസുകളിൽ റിസർവേഷൻ തിരക്കുണ്ട്. അതിനാൽ സർവീസിനു മുടക്കമില്ല.
വൈക്കത്ത് കൊടുങ്കാറ്റ്: നിരവധി വീടുകൾ തകർന്നു
വൈക്കം: ശക്തമായി തുടരുന്ന മഴയ്ക്കൊപ്പം ഇടയ്ക്കെത്തുന്ന ചുഴലിക്കാറ്റും വൈക്കത്തു വ്യാപകമായി നാശം വിതയ്ക്കുകയാണ്. ഇന്നലെ രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകൾ തകർന്നു.
പുളിഞ്ചുവട് പരുത്തി മുടിയിൽ പരമുവിന്റെ വീട് ആഞ്ഞിലി കടപുഴകി വീണും വൈക്കം പോളശ്ശേരി ചിറയിൽപറന്പിൽ പ്രസന്നയുടെ വീടിനു മീതെയ്ക്ക് സമീപ പുരയിടത്തിൽ നിന്നു തേക്കുമരവും വീണതിനെ തുടർന്ന് രണ്ടു മുറികളും അടുക്കള ഭാഗവും പൂർണമായി തകർന്നു. തലയോലപ്പറന്പ് തൊട്ടിയിൽ രമാദേവിയുടെ വീടും തേക്കു കടപുഴകി വീണു ഭാഗികമായി തകർന്നു.
ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ ഒരു വീട് പൂർണമായും 12 ഓളം വീടുകൾക്ക് ഭാഗീകമായി നാശം സംഭവിച്ചതായി റിപ്പോർട്ടു ചെയ്തിരുന്നതായി വൈക്കം തഹസിൽദാർ എസ്.ശ്രീജിത്ത്അറിയിച്ചു.