കോട്ടയം: കിഴക്കൻ മലയോരങ്ങളിൽ മഴ ശമിച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും മീനച്ചിലാറ്റിലൂടെ കുതിച്ചെത്തിയ വെള്ളം താഴ്വാരങ്ങളെ മുക്കി. കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖല വെള്ളത്തിലായതോടെ ജനജീവിതം ദുഃസഹമായി. കോട്ടയം-കുമരകം റോഡിൽ ഗതാഗതം ഭാഗികം. ചങ്ങനാശേരി-ആലപ്പുഴ പാതയിലും ഗതാഗതം നിലച്ചു. നാളെ മുതൽ മഴ വീണ്ടും ശക്തിപ്പെടുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിൽ ജലനിരപ്പ് താഴ്ന്നു. ഈ പ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങി. പുന്നത്തുറ കന്പനികടവ് മുതൽ കുമരകം വരെ മീനച്ചിലാറിന്റെ തീരങ്ങൾ വെള്ളത്തിനടിയിലാണ്. മലയോരമേഖലയിൽ ഇന്നലെയും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. അടുക്കം, തലനാട് മേഖലയിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. എയ്ഞ്ചൽവാലി, മൂക്കൻപെട്ടി മേഖലയിലും വ്യാപക നാശമാണു പ്രളയം സമ്മാനിച്ചത്.
എസി റോഡിൽ വെള്ളം
ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മനയ്ക്കച്ചിറ, രാമങ്കരി, കിടങ്ങറ, പള്ളിക്കൂട്ടുമ്മ, മങ്കൊന്പ്, തെക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലാണു വെള്ളം കയറിയത്. ഇന്നലെ രാവിലെ ബസുകൾ സർവീസ് നടത്തിയെങ്കിലും റോഡിൽ ജലനിരപ്പ് ഉയർന്നതോടെ നിർത്തിവച്ചു. പുളിങ്കുന്ന്, മുട്ടാർ, എടത്വ, വെളിയനാട് പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു.
എസി റോഡിനു സമീപമുള്ള എസി കോളനിയിൽ വെള്ളം കയറിയതോടെ കോളനി നിവാസികളെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റി. പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാൽ, പുതുവൽ, അംബേദ്കർ കോളനി, വാഴപ്പള്ളി പഞ്ചായത്തിലെ പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, കീരഞ്ചിറ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്.
പടിഞ്ഞാറൻ മേഖല വെള്ളത്തിൽ
കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം പഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ മേഖലകളിലുമാണു വെള്ളം കയറിയിരിക്കുന്നത്. അയ്മനം, ആർപ്പൂക്കര പ്രദേശത്തെ നിരവധി പാടങ്ങൾ വെള്ളത്തിനടിയിലായി നെൽകൃഷി നശിച്ചു.
അയ്മനം പഞ്ചായത്തിലെ നൂറോളം വീടുകളിൽ വെള്ളം കയറി. വല്യാട്, ഐക്കരച്ചിറ, കല്ലുങ്കത്ര, ടാപ്പുഴ, പുത്തൻതോട്, പുലിക്കുട്ടിശേരി, ജയന്തി, ചാമത്തറ, കല്ലുമട, കുമ്മനം, ഇളങ്കാവ്, പരിപ്പ്, തൊള്ളായിരം പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ആർപ്പൂക്കര പഞ്ചായത്തിലെ കരിപ്പ, കരുപ്പൂത്തട്ട്, മണിയാപറന്പ്, അഭയഭവൻ, മെഡിക്കൽ കോളജിനു പടിഞ്ഞാറു ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരം, ചെങ്ങളം, തിരുവാർപ്പ്, വെട്ടികാട് പ്രദേശങ്ങളിലാണു വെള്ളം കയറിയിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ
പ്രളയരക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനുമായി ജില്ലയിൽ 41 എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ എത്തിച്ചു. ചെന്പ്, തലയാഴം, കാട്ടിക്കുന്ന് മേഖലകളിൽനിന്നു 34 വള്ളങ്ങളും കുമരകത്തുനിന്ന് അഞ്ചും പള്ളത്തുനിന്നു രണ്ടു വള്ളങ്ങളും തയാറായിക്കിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പിൽ പോലീസ് പട്രോളിംഗ്
എല്ലാ ദുരിതാശ്വാസ ക്യാന്പുകളിലും പോലീസ് പട്രോളിംഗ് നടത്തും. 25 പേരിൽ കൂടുതൽ താമസിക്കുന്ന ക്യാന്പുകളിൽ രാത്രികാലങ്ങളിൽ വനിതാ പോലീസിന്റെ സേവനം ഉറപ്പാക്കും.
പന്പാതീരം പഴയ നിലയിലേക്ക്
പന്പ, അഴുത നദികളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി. അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, പഴയ കണമല പാലങ്ങളിൽ വെള്ളം ഇറങ്ങിയെങ്കിലും അപ്രോച്ച് റോഡുകളുടെ കൽക്കെട്ട് ഇടിഞ്ഞിട്ടുണ്ട്. അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച പി.സി. ജോർജ് എംഎൽഎ പറഞ്ഞു. ഒറ്റപ്പെട്ടുപോയ അറയാഞ്ഞിലിമണ്ണ് ഗ്രാമത്തിൽനിന്നും ജനങ്ങൾ പുറംലോകത്തെത്തി.
മണിമലയാറ്റിൽ വെള്ളം താഴ്ന്നു
മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നെങ്കിലും മുണ്ടക്കയം, പഴയിടം പാലങ്ങൾക്ക കേടുപാടുണ്ടായി. പഴയിടം പാലത്തിന്റെ കൈവരികൾ പൂർണമായി തകർന്ന നിലയിലാണ്. മൂലേപ്ലാവ് റോഡ് ഇടിഞ്ഞതിനാൽ പഴയിടം പാലത്തിലൂടെ 20 ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്നു. കൈവരികളില്ലാത്തതിനാൽ സുരക്ഷിതമല്ല യാത്ര.
കളക്ടറേറ്റിൽ കളക്ഷൻ സെന്റർ
ദുരിതാശ്വാസ ക്യാന്പുകളിൽ അവശ്യ സാമഗ്രികൾ എത്തിക്കുന്നതിനായി കളക്ടറേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. കൊതുകു വല, പായ, പുതപ്പ് എന്നിവയാണു കളക്ഷൻ സെന്ററിൽ സമാഹരിക്കുന്നത്. പുതിയവതന്നെ എത്തിക്കണം. 9446564800, 9446052429.