കോട്ടയം: നഗരമധ്യത്തിലെ പെണ്‍വാണിഭ കേന്ദ്രത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ദുരൂഹത അഴിയുന്നില്ല.
പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു ക്വട്ടേഷനു കാരണമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിലുള്ള ഹണിട്രാപ്പ് സംബന്ധിച്ചുള്ള ആരോപണമാണ് ഇപ്പോഴും ദൂരൂഹമായി തുടരുന്നത്.
കേസിൽ രണ്ടു പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ പിടികൂടാത്തതും കേസിലെ ബാഹ്യ ഇടപെടലുകളുമാണ് ദുരൂഹമായി തുടരുന്നത്.
കോട്ടയം മാർക്കറ്റ് ഭാഗത്തുള്ള അക്രമം നടന്ന വീടിനുള്ളിൽ ഷൂട്ടിംഗിനു തയാറാക്കിയ നിലയിൽ കാമറയുടെ ട്രൈപ്പോഡുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ ട്രൈപ്പോഡുകളിൽ കാമറ കാണാനില്ലായിരുന്നു. ഈ കാമറകൾ അക്രമികൾ കൊണ്ടു പോയതായാണ് ലഭിക്കുന്ന സൂചന.
കാമറ കൊണ്ടുപോയതിനു പിന്നിൽ ഹണിട്രാപ്പ് സംഘത്തിൽ കുടുങ്ങിയവരാരെങ്കിലുമാകുമോയെന്ന സംശയത്തിലാണു പോലീസ്.
ഈ സാഹചര്യത്തിലാണ് ഹണിട്രാപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം നടത്തുന്നത്. അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു ഫോണ്‍ കോൾ എത്തിയത് കൊട്ടാരക്കരയിൽ നിന്നായിരുന്നു.
ഈ ഫോണ്‍ കോളിനു പിന്നിലുള്ള ഇടപാടുകളും ദുരൂഹമാണ്. ഫോണ്‍ വിളിച്ച ആളെ കണ്ടെത്തിയെങ്കിൽ മാത്രമേ അക്രമത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരു.
കെണിയിൽ കൂടുതൽ യുവതികൾ
സോഷ്യൽ മീഡിയ വഴിയാണ് പെണ്‍വാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത്. രാത്രിയിൽ ഇവരുടെ ഇന്നോവയിൽ ഇടപാടുകാരനെ കേന്ദ്രത്തിൽ എത്തിക്കും.
തുടർന്ന് ഇയാളിൽനിന്നു പണം ഇടാക്കി സ്ത്രീകളെ നൽകും. ഈ രീതിയിലാണ് ഇവിടെ ഇടപാടുകൾ നടന്നിരുന്നത്. സംഭവത്തിലുൾപ്പെട്ട യുവതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹണിട്രാപ്പിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാരിയായ പൊൻകുന്നംകാരിയുടെ മൊബൈലും വാട്സ്ആപ്പും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ എത്തിയ ആളുകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും.
പിടിയിലായവർ റിമാൻഡിൽ
നഗരമധ്യത്തിൽ പെണ്‍വാണിഭ സംഘത്തെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊൻകുന്നം കോയിപ്പള്ളി പുതുപ്പറന്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് സുലേഖ (ശ്രുതി) എന്നിവരെയാണു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവരെയാണു ചന്തക്കടവിലെ പെണ്‍വാണിഭ കേന്ദ്രത്തിൽ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.