അയ്മനം: ആക്രി സാധനങ്ങൾ കയറ്റി അയക്കുന്നതിനെ ചൊല്ലി തർക്കം. അയൽവാസി റോഡ് ഉപരോധിച്ചതോടെ അയ്മനം -പരിപ്പ് റോഡിൽ കഴിഞ്ഞദിവസം ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം.
അയ്മനം വില്ലേജിന് എതിർവശം ആക്രിക്കട നടത്തുന്ന പാറേമാലിൽ പി.ആർ. രത്നപ്പൻ ആക്രി സാധനങ്ങൾ ലോറിയിൽ കയറ്റിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. സമീപ വാസിയായ പൊക്കത്തിൽ വീട്ടിൽ റിട്ട. എസ്ഐ പ്രസാദും കുടുംബവുമാണു റോഡ് ഉപരോധിച്ചത്.
തന്റെ വീടിനു സമീപത്ത് ആക്രിക്കട നടത്തന്നതു പൊടിപടലങ്ങളും ശബ്ദ കോഹലങ്ങളും വെള്ളം കെട്ടിക്കിടന്നു കൊതുകുശല്യം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ആരോപിച്ചാണ് റോഡ് ഉപരോധത്തിന് ഇറങ്ങിയത്.
ഇതേ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2015ൽ ആക്രിക്കടക്കെതിരേ പ്രസാദ് കോടതിയെ സമീപിച്ചു. കോടതി ആവശ്യപ്പെട്ട മുൻകരുതലുകൾ സ്വീകരിച്ചതോടെ കടയുടെ പ്രവർത്തനം തുടരാൻ കോടതി 2020ൽ ഉത്തരമായി.
കോടതി ഉത്തരവ് നിലനിൽക്കേയാണു തന്റെ കടക്കെതിരേ പ്രസാദ് വീണ്ടും അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിച്ചു കട അടച്ചുപൂട്ടിക്കാൻ ശ്രമം നടത്തുന്നതെന്ന് രത്നപ്പൻ പറയുന്നു.
മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം പോലീസ് എത്തി ഉപരോധക്കാരെ നീക്കം ചെയ്തശേഷം പുനഃസ്ഥാപിച്ചു.