കോട്ടയം/പാലാ: ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ മാസ്ക്ക്മുഖാവരണമോ ധരിക്കാത്തവർക്കെതിരേ പോലീസ് കേസെടുത്തു തുടങ്ങി.
പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിന്റെ പശ്ചാത്തലത്തിലാണു കേസ്. ജില്ലാ പോലീസ് ചീഫിന്റെ നിർദേശപ്രകാരമാണ് ഇന്നലെ മാസ്ക്ക് ധരിക്കാത്തവരെ പോലീസ് പിടികൂടിയത്.
മാസ്ക്ക് ധരിക്കാത്ത 50 പേർക്കെതിരെയാണ് ഇന്നലെ പാലാ ഡിവൈഎസ്പി ഓഫീസ് പരിധിയിൽ പോലീസ് കേസെടുത്തത്. പാലായിൽ 30 പേർക്കെതിരെയും രാമപുരത്ത് 10 പേർക്കെതിരേയും കിടങ്ങൂരിൽ 12 പേർക്കെതിരേയും കേസെടുത്തു.
ആശുപത്രി പരിസരം, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതുവഴികൾ, എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയപ്പോൾ മാസ്ക്ക്ധരിക്കാത്ത യാത്രക്കാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്ത മുതിർന്ന അംഗങ്ങളെ താക്കീതു ചെയ്തു.
വ്യാപാരസ്ഥാപനങ്ങളിലും മറ്റു ജോലിക്ക് നിൽക്കുന്നവർ മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന് വ്യാപാരികളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്.
മാസ്കില്ലാതെ പൊതുഇടങ്ങളിലെത്തിയവരോട് കടകളിൽനിന്നും മാസ്ക് വാങ്ങി പോകാൻ പോലീസ് നിർബന്ധിക്കുകയും ചെയ്തു. കോട്ടയം, കാഞ്ഞിരപ്പളളി, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലും മാസ്ക്കില്ലാത്തവർക്കെതിരേ പോലീസ് കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്നും പരിശോധന തുടരുമെന്നും മാസ്ക്കില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.