കോട്ടയം: കാലവർഷത്തെ വെല്ലുന്ന തുലാപെയ്ത്തിൽ കിഴക്കൻവെള്ളം കുത്തിയൊഴി പുഴകളും തോടുകളും പാടങ്ങളും നിറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞു തുടങ്ങിയ മഴ ഇന്നലെ ഉച്ചവരെ തിമിത്തുപെയ്തതിനൊപ്പം വ്യാപക നാശവും വിതച്ചു.
ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 108 മില്ലിമീറ്റർ മഴയാണു ജില്ലയിൽ രേഖപ്പെടുത്തിയത്. കോഴാ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കു പ്രകാരം മഴയുടെ അളവ് 130.2 മില്ലിമീറ്ററാണ്. ഒരാഴ്ചയിലേറെയായി മിന്നലിന്റെ അകന്പടിയോടെ പെയ്തിരുന്ന തുലാമഴ ഞായറാഴ്ച ശക്തിപ്രാപിക്കുകയായിരുന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു.
എംസി റോഡിൽ കുറവിലങ്ങാട്, കുര്യനാട് കവലകളിലെ വെള്ളക്കെട്ടിൽ ഇന്നലെ ഗതാഗതം ദുഷ്കരമായി. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. കോഴാ – പാലാ റോഡിലും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഉഴവൂർ ടൗണിൽ കടകളിൽ വെള്ളം കയറി. ഉഴവൂർ – മരങ്ങാട്ടുപിള്ളി റോഡിൽ കലുങ്കിനു കേടുപാടുണ്ടായി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കട്ടച്ചിറ, ഷട്ടർകവല, മുത്തോലി, പുലിയന്നൂർ, മൂന്നാനി എന്നിവിടങ്ങളിൽ റോഡിൽ വെള്ളംകയറി. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ പലയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പാലാ, കുറവിലങ്ങാട്, കാളികാവ്, കടുത്തുരുത്തി മേഖലയിലാണു വെള്ളപ്പൊക്കമുണ്ടായത്.
മീനച്ചിലാർ, മണിമലയാർ, അഴുതയാർ, കൊടൂരാർ, മീനന്തറയാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി ഉയർത്തുന്നു.
കുറവിലങ്ങാട് വലിയതോട് നിറഞ്ഞുകവിഞ്ഞ് ഏക്കർകണക്കിന് കൃഷിയും നശിച്ചു. കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിൽ പലയിടത്തും റോഡുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി.
കുറവിലങ്ങാട് പള്ളിക്കവലയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. കോഴാ-പാലാ റോഡിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. ഉഴവൂർ ടൗണിൽ നിരവധി കടകളിൽ വെള്ളം കയറി. ഉഴവൂർ – മരങ്ങാട്ടുപിള്ളി റോഡിൽ കലുങ്ക് തകർന്നതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പാലായിൽ കെഎസ്ആർടിസിക്ക് സമീപത്തെ പാർക്കിംഗ് ഏരിയ പൂർണമായും വെള്ളത്തിൽ മുങ്ങി.
എംസി റോഡിൽ വെന്പള്ളി, പള്ളിക്കവല, കോഴ, കുര്യനാട് എന്നിവിടങ്ങളിലും മരങ്ങാട്ടുപിള്ളി-കടപ്ലാമറ്റം, കിടങ്ങൂർ-മംഗലത്താഴം, ഉഴവൂർ-കുറവിലങ്ങാട്, തോട്ടുവ-കടുത്തുരുത്തി, കോഴാ-പാലാ, കെആർ നാരായണൻ റോഡ് എന്നിവിടങ്ങളിലും വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കടുത്തുരുത്തി ജലവിഭവ ഓഫീസും വെള്ളത്തിൽ മുങ്ങി.
മഴ തുടരും
ഇന്നും നാളെയും കനത്ത മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കിഴക്കൻമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുന്നറിയിപ്പുണ്ട്. വാഗമണ്- ഏലപ്പാറ, മുണ്ടക്കയം-പീരുമേട് പാതകളിൽ രാത്രിയാത്ര കഴിവതും ഒഴിവാക്കണം. കെകെ റോഡിൽ പെരുവന്താനം, മുറിഞ്ഞപുഴ, കുട്ടിക്കാനം എന്നിവിടങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.
ഖനനനിയന്ത്രണം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 24 വരെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു.
കണ്ട്രോൾ റൂം തുറന്നു
കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും കണ്ട്രോൾ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയും മുൻകരുതൽ ഊർജിതമാക്കി. ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ വകുപ്പുകൾക്ക് നിർദേശം നൽകി.