ഗാന്ധിനഗർ: ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗിക്ക് ഉപയോഗിക്കുന്നതിന് സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാടകയ്ക്ക് എടുത്ത ചികിത്സാ ഉപകരണം കണ്ടുകിട്ടിയെങ്കിലും അതുകൊണ്ടു വന്ന ബാഗ് കാണുന്നില്ല. കേട്ടയം മെഡിക്കൽ കോളജിലെ പുതിയ കോവിഡ് വാർഡിലാണ് സംഭവം.
കഴിഞ്ഞ 12ന് രാത്രി വൈക്കം കുടവെച്ചൂർ സ്വദേശിയായ 61കാരനെ കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ (കോവിഡ് നിരീക്ഷണ വിഭാഗം) പ്രവേശിപ്പിച്ചു.
ശ്വാസംമുട്ടൽ കൂടുതലായതിനാൽ അത് പരിഹരിക്കുന്നതിന് ബൈപാപ് മെഷീൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഈ മെഷീൻ ആശുപത്രിയിൽ ഇല്ലാത്തതിനാൽ 10 ദിവസത്തക്ക് 4000 രൂപ വാട കയ്ക്കെടുത്തു. രോഗിക്ക് ചികിത്സ ആരംഭിക്കുകയും ചെയ്തു.
എന്നാൽ 13ന് പുലർച്ചെ രോഗിയുടെ ആരോഗ്യനില മോശമാകുകയും തുടർന്ന് അത്യാഹിത വിഭാഗത്തിന്റെ നാലാം നിലയിൽ പുതിയതായി ആരംഭിച്ച കോവിഡ് ചികിത്സാ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ചുവെങ്കിലും പുലർച്ചെ അഞ്ചിന് രോഗി മരിച്ചു.
മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഈ സമയം രോഗിയുടെ ചികിത്സയ്ക്ക് വാടകയ്ക്ക് എടുത്ത ഉപകരണം തിരികെ വാങ്ങുന്നതിനായി വാർഡിലുണ്ടായിരുന്ന നഴ്സ് ചോദിച്ചു.
ഇപ്പോൾ തിരക്കാണെന്നും മൃതദേഹവുമായി പോയി മരണാനന്തരചടങ്ങ് കഴിഞ്ഞുവന്നാൽ രേഖകളും, അതോടൊപ്പം വാടകയ്ക്ക് എടുത്ത ഉപകരണവും കൊണ്ടുപോകാമെന്നും പറഞ്ഞതിനാൽ ബന്ധുക്കൾ മൃതദേഹവുമായി മടങ്ങി.
മരണാനന്തര ചടങ്ങ് കഴിഞ്ഞ് 15ന് വീണ്ടും ആശുപത്രിയിലെത്തി ചികിത്സയ്ക്കെടുത്ത വാടക ഉപകരണം തിരികെ നൽകുന്നതിന് അന്വേഷിച്ചപ്പോൾ മെഷീൻ കാണാനില്ലെന്ന് പറഞ്ഞു.
തർക്കമായതോടെ സിസിടിവി പരിശോധിക്കാൻ രോഗിയുടെ ബന്ധു ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാകാതെ ബന്ധുവിനെ മടക്കി അയച്ചു. 85,000 രൂപ വിലമതിക്കുന്നതാണ് ബൈപാപ് മെഷീൻ.
രണ്ടു ദിവസത്തെ അന്വേഷണത്തെ തുടർന്ന് ഇന്നലെ മെഷീൻ കണ്ടുകിട്ടി സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും ഈ ഉപകരണം കൊണ്ടുവന്ന ബാഗ് ആശുപത്രിയിൽ കാണാനില്ല.
ഇനി ബാഗ് കണ്ടുകിട്ടുമോയെന്ന് സംശയത്തിലാണ് ഇവർ. ബാഗ് കിട്ടിയില്ലെങ്കിൽ അത് വാങ്ങി നൽകണമെന്ന് സ്വകാര്യ ഏജൻസി അധികൃതർ പറയുന്നു.