ഗാന്ധിനഗർ: കോവിഡ് 19 രോഗബാധിതരായി ചികിത്സയ്ക്ക് എത്തിയവരെ പരിചരിച്ചു രോഗവിമുക്തരാക്കുന്നതിന് നിർണായക പങ്കു വഹിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാർക്ക് അഭിനന്ദന പ്രവാഹം.
പരിചരണത്തിനായി ആദ്യ ബാച്ചിൽ എത്തിയ ഹെഡ്നഴ്സുമാരടക്കമുള്ളവർ ഇപ്പോൾ വീട്ടിൽ പോകാൻ കഴിയാതെ ക്വാറന്റീനിൽ ആശുപത്രിയിൽ തന്നെ കഴിയുകയാണ്.
കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങൾ മലയാളികളുടെ സ്വപ്ന രാജ്യങ്ങളിലെ സംവിധാനങ്ങളേക്കാൾ മികച്ചതാണെന്നതിന്റെ തെളിവു കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിനു കിട്ടിയ ഈ അപൂർവ നേട്ടം.
സ്വന്തം കുടുംബം, മക്കൾ, മാതാപിതാക്കൾ എന്നിവ ഒന്നു കാണാൻ പോലും കഴിയാതെയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്.
കൊറോണ ബാധിതരെ പരിചരിക്കാൻ ആദ്യ ബാച്ചിൽ നിയോഗിക്കപ്പെട്ട ഹെഡ്നഴ്സുമാരായ ടി.എസ്. സിന്ധു, ആനി, ഷൈബി എന്നിവരും നഴ്സുമാരായ പാവന, രമ്യ, പാപ്പ ഹെൻട്രി, ഷഫീഖ് ഷാജഹാൻ, മുഹമ്മദ് അൽത്താഫ്, മനുദാസ്, പ്രശാന്ത്, മാത്യു ജയിംസ്, ഫൈസൽ, ത്രേസ്യാമ്മ, വിഷ്ണുപ്രിയ, ഷെറിൻ, നേഹ, അനുപമ പ്രദീപ്, എയ്ഞ്ചൽ ജേക്കബ്, ഫാത്തിമ, കെ.ടി. സൗമ്യ, കൃഷ്ണപ്രീതി, റോബി തോമസ്, ജിജിൻ, രേഷ്മ, ഷീന, കെ.എസ്. സൗമ്യ, കൃഷ്ണ പ്രിയ എന്നിവരുമാണ് രോഗികളെ പരിചരിച്ചത്.