ഗാന്ധിനഗർ/കോട്ടയം: ആരോഗ്യരംഗത്ത് മികവിന്റെ നേട്ടവുമായി കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വീണ്ടും വിജയം.
ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട് എം.ആർ. രാജേഷി (35) നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ് രാജേഷിന് തുന്നിപ്പിടിപ്പിച്ചത്.
മേസ്തിരി പണി ചെയ്യുന്ന രാജേഷിന് നാലു വർഷം മുമ്പാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കാലിന്റെ പത്തിയിലും മറ്റും നീരുവന്നു വീർക്കുകയും പിന്നീട് ശരീരം മുഴുവൻ നീര് വ്യാപിക്കുകയുമായിരുന്നു.
തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനയിലാണ് കാർഡിയോ മയോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖമാണ് രാജേഷിനെന്ന് കണ്ടുപിടിച്ചത്.
രക്തം പമ്പ് ചെയ്യുന്നതിന്റെ സമ്മർദ്ദം കുറവായിരുന്നു. ഹൃദയധമനികളിലെ വാൽവുകൾക്ക് പ്രവർത്തനശേഷിയുമില്ലാത്ത അവസ്ഥയായിരുന്നു.
ഈ അവസ്ഥയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് ഒരു വർഷം മുമ്പ് സഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു.
എല്ലാം ശരവേഗത്തിൽ
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 11.30 നു മെഡിക്കൽ കോളജിൽനിന്നു രാജേഷിനെ ഫോണിൽ ബന്ധപ്പെടുകയും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു സജ്ജമായി ഉടൻ എത്താനും പറഞ്ഞു.
തുടർന്ന് പുലർച്ചെ ഒന്നോടെ രാജേഷും കുടുംബവും മെഡിക്കൽ കോളജിലെത്തി. തുടർ പരിശോധനയ്ക്കു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എല്ലാം ശരവേഗത്തിലായിരുന്നു.
ഇന്നലെ രാവിലെ എട്ടിനു ഹൃദയം കൊണ്ടുവരുന്നതിനായി ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. ടി. കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആസ്റ്റർ മെഡിസിറ്റിയിലേയ്ക്ക് പുറപ്പെട്ടത്.
തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച വീട്ടമ്മയുടെ ഹൃദയം രണ്ടര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും 11.50 ന് ഹൃദയവുമായി ആംബുലൻസ് മെഡിക്കൽ കോളജിലേയ്ക്ക് പുറപ്പെടുകയും 12.50 ന് കോട്ടയം മെഡിക്കൽ കോളജിലെത്തി രണ്ടര മണിക്കൂറിനുള്ളിൽ രാജേഷിന്റെ ശരീരത്തിൽ ഹൃദയം വച്ച് പിടിപ്പിക്കുകയും ചെയ്തു. ആംബുലൻസ് യാത്രയിൽ മാർഗതടസം ഒഴിവാക്കാനായി പോലീസ് അകമ്പടിയും ഉണ്ടായിരുന്നു.
ഡോക്ടർ ടി. കെ. ജയകുമാറിനോടൊപ്പം ഡോ. എൻ.സി. രതീഷ്, ഡോ. പ്രവീൺ ഡോ. വിനീത, ഡോ. ശിപ്രസദ്, ഡോ. കൃഷ്ണൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. തോമസ്, ഡോ.മഞ്ജുഷ, ഡോ.സഞ്ജീവ് തമ്പി, നഴ്സുമാരായ ടിറ്റോ, മനു, ലിനു അനസ്തേഷ്യടെക്നിക്കൽ വിഭാഗത്തിലെ അശ്വതി പ്രസീത, രാഹുൽ പെർഫ്യൂനിസ്റ്റ് മാരായ രാജേഷ് മുള്ളൻ കുഴി, അശ്വതി, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കിയത്.