കോട്ടയം/മലപ്പുറം: ഇടവേളയ്ക്കു ശേഷം മദ്യം സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കളുടെ കഴുത്തിൽവരെ കൊലക്കത്തി വീണു തുടങ്ങി.
കോട്ടയം ചെങ്ങനാശേരിയിൽ മകൻ മദ്യലഹരിയിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ മലപ്പുറം തിരൂറിൽ മകൻ പിതാവിനെ മർദിച്ച് കൊലപ്പെടുത്തി.
ചങ്ങനാശേരി തൃക്കൊടിത്താനത്താണ് മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നിതിനെ കുഞ്ഞന്നാമ്മ വീട്ടിൽ കയറ്റാതിരുന്നതാണ് പ്രകോപനമായത്. കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി.
കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. അമ്മയും മകനും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു.
മലപ്പുറം തിരൂരിൽ എഴുപതുകാരനായ പിതാവിനെ യുവാവ് മദ്യലഹരിയിൽ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജി ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ അബൂബക്കർ സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകനെ മുഹമ്മദ് ഹാജി ശകാരിച്ചതാണ് പ്രകോപനം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും മുഹമ്മദ് ഹാജിയെ അബൂബക്കർ തള്ളിവീഴ്ത്തുകയുമായിരുന്നു.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് ഹാജിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടി രക്ഷപെടാൻ ശ്രമിച്ച അബൂബക്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.