കോട്ടയം: ഇന്നലെ രാവിലെമുതൽ കോട്ടയം ശ്വാസമടക്കിയിരിക്കുകയായിരുന്നു.
സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ കോട്ടയത്ത് കെജിഒഎ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷ ഒരുക്കിയതോടെ കോട്ടയം നിവാസികൾ ശരിക്കും ബന്ദികളായി.
ഫുട്പാത്തിൽകൂടി പോലും യാത്രക്കാരെ കയറ്റിവിട്ടില്ല. ബസേലിയോസ് ജംഗ്ഷനിലും ചന്തക്കവലയിലും റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കാരെവരെ കയറുകെട്ടി തടഞ്ഞു.
ഓരോ നൂറു മീറ്ററിലും ഓരോ പോലീസുകാരൻ എന്ന നിലയിൽ നഗരം പോലീസിനാൽ നിറഞ്ഞു. കനത്ത സുരക്ഷയിൽ ഇന്നലെ രാവിലെ 10.15നാണു മുഖ്യമന്ത്രി എത്തിയത്.
കെഎപി ബറ്റാലിയൻ മാമ്മൻ മാപ്പിള ഹാളിലും പരിസര പ്രദേശങ്ങളിലും ക്യാന്പ് ചെയ്തു. ഡിഐസി നിശാന്തിനിയുടെ നേതൃത്വത്തിൽ 350 പോലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല.
കോട്ടയം എസ്പി ഡി. ശിൽപ, എട്ട് ഡിവൈഎസ്പിമാർ, 22 സിഐമാർ, 60 എസ്ഐമാർ ഉൾപ്പെടെ 340 പേർ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്നു.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന റോഡിനിരുവശവും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലും സുരക്ഷയിലുമായിരുന്നു. രാവിലെ നഗരത്തിലെത്തിയവർ കനത്ത സുരക്ഷാനടപടിയിൽ ശരിക്കും വലഞ്ഞു.
വഴിയാത്രക്കാരായ കുട്ടികളും മാതാപിതാക്കളും സ്ത്രീകളും വയോധികരുമെല്ലാം മണിക്കൂറുകളോളം ബന്ദികളായി.
കറുത്ത മാസ്കിനും വിലക്ക്
കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ ഒരു മണിക്കൂർ മുന്പ് സമ്മേളനഹാളിൽ പ്രവേശിക്കണമെന്നു നിർദേശം.
സമ്മേളനഹാളിൽ പ്രവേശിക്കുന്നതിനു രാവിലെ ഒന്പതുമുതൽ മാമ്മൻ മാപ്പിള ഹാളിനു മുന്നിൽ പോലീസ് പ്രത്യേക പാസ് വിതരണം ആരംഭിച്ചു. കറുത്ത മാസ്ക് ധരിച്ച് എത്തരുതെന്നും നിർദേശം നൽകിയിരുന്നു.
പറഞ്ഞതിലും നേരത്തെ മുഖ്യമന്ത്രി സമ്മേളനഹാളിൽ എത്തി. രാവിലെ 10.25നു തന്നെ ഹാളിലെത്തി ഉദ്ഘാടനം ചെയ്തു മടങ്ങി.
കറുത്ത മാസ്ക് ധരിച്ചവരെ മാറ്റിനിർത്തിയില്ല. നാട്ടകം ഗസ്റ്റ് ഹൗസിനു മുന്നിലെത്തിയ മാധ്യമപ്രവർകരെ അവിടെനിന്നും പോലീസ് മാറ്റി.
അര കിലോമീറ്റർ അകലെനിന്നു ചിത്രങ്ങൾ പകർത്തിയാൽ മതിയെന്ന നിർദേശമാണ് നൽകിയത്.