പാലാ: കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പ്രതികൂല കാലാവസ്ഥയിൽ പോലും അക്ഷീണപരിശ്രമം നടത്തുകയാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും.
കഴിഞ്ഞ മൂന്നു ദിവസമായി ഊണും ഉറക്കുവുമില്ലാതെയാണ് ഇവർ നാടിനെ ഇരുട്ടിൽനിന്നും കരകയറ്റാൻ യത്നിക്കുന്നത്. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് നിരവധി വൈദ്യുതിപോസ്റ്റുകളാണ് തകരാറിലായത്. നിരവധി സ്ഥലത്ത് വൈദ്യുതി ലൈനിലേക്ക് മരം വീഴുകയും ചെയ്തു.
പ്രാഥമിക കണക്കനുസരിച്ച് 23 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്കു പാലാ ഡിവിഷനു കീഴിൽ സംഭവിച്ചിട്ടുള്ളത്. പാലാ ഡിവിഷനു കീഴിലുള്ള 11 സബ്ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലായി 11 കെവി പോസ്റ്റുകൾ 37 എണ്ണവും ലോവർ പോസ്റ്റുകൾ 188 എണ്ണവും ഒടിഞ്ഞുവീണു. 11 കെവി കന്പികൾ 48 സ്ഥലങ്ങളിൽ പൊട്ടിവീണു.
415 ചെറിയ കന്പികൾ പൊട്ടി. അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും അവധിയെടുക്കാതെയുമാണ് ഈ ദിവസങ്ങളിൽ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പണിയെടുക്കുന്നത്. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കാതെ വന്നിട്ടുള്ളത്. ഉരുൾപൊട്ടലുണ്ടായ തലനാട്, തീക്കോയി എന്നിവിടങ്ങളിലെ ചില പദേശങ്ങളിലും ഇപ്പോഴും വെള്ളം കയറിക്കിടക്കുന്ന പ്രദേശങ്ങളിലുമാണിത്.