കട്ടപ്പന: സമൂഹത്തിനു മാതൃകയായി മേലേചിന്നാർ സ്വദേശി വി.പി. ഷിനു. വിദേശത്തുനിന്നെത്തിയ ഷിനു വീടിനുസമീപം വാടകയ്ക്ക് വീടെടുത്തു താമസിച്ചു കോറന്റൈനിൽ കഴിയുകയാണ്. കോവിഡ് -19 പകരുന്ന സാഹചര്യത്തിൽ മുൻകരുതൽ എടുക്കണമെന്ന സർക്കാർ ഉത്തരവ് ലംഘിക്കുന്ന ഐഎഎസ് ഉദോഗസ്ഥർക്കടക്കം മാതൃകയാണ് ഈ യുവാവ്.
ആറുവർഷമായി വിദേശത്തു ജോലിചെയ്യുന്ന മേലേചിന്നാർ വാതല്ലൂർ ഷിനു കഴിഞ്ഞ 22-നാണ് നാട്ടിലെത്തിയത്. വിദേശത്തു നിന്നുകൊണ്ടുതന്നെ വീടിനോടുചേർന്ന് ഇദ്ദേഹം വാടകയ്ക്കു വീട് തരപ്പെടുത്തിയശേഷമാണ് നാട്ടിലെത്തിയത്.
നെടുന്പാശേരിയിൽ എത്തിയ ഷിനു ടാക്സിവിളിച്ചു മേലേചിന്നാറിലെ വീടിനടുത്തുള്ള വാടകവീട്ടിലെത്തുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനേയും അച്ഛനെയും അമ്മയെയും ദൂരെനിന്നു കാണും.
വീട്ടിലെത്തിയ ഷിനു വീടിനു പുറത്തിറങ്ങിയിട്ടില്ല. ആരോഗ്യപ്രവർത്തകർ എത്തിയാൽ വീടുതുറന്നു സിറ്റ് ഒൗട്ടിൽ നിൽക്കും. മുറ്റത്തിറങ്ങാറില്ല.
ഭക്ഷണം പാകംചെയ്യുന്നത് അടക്കമുള്ളവ ഷിനു തനിച്ചാണ് ചെയ്യുന്നത്. ഒരുവയസുള്ള മകനെയും കുടുംബാംഗങ്ങളേയും ദൂരെനിന്ന് കാണുക മാത്രമാണ് ചെയ്യുന്നത്. ദിവസവും ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി ഷിനുവിനെ നിരീക്ഷിക്കുകയും വേണ്ട സഹായങ്ങൾ ചെയ്തുവരുന്നുമുണ്ട്.