കോട്ടയം: നോട്ടുകെട്ടെന്ന വ്യാജേന വെള്ള പേപ്പർ കെട്ട് നല്‍കിയയാളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി.
കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം.
കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വിൽക്കാനുണ്ടെന്നു കാണിച്ചു ഓണ്‍ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി.
ഇതു കണ്ട വിഷ്ണു ഫോണ്‍ ഇഷ്ടപ്പെട്ടുവെന്നും വാങ്ങാൻ താത്പര്യമുണ്ടെന്നും കാണിച്ച് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു.
തുടർന്ന് ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിക്കു സമീപത്തു വച്ചു പണം നല്കി ഫോണ്‍ വാങ്ങിക്കൊള്ളാമെന്ന് വാക്ക് പറഞ്ഞുറപ്പിച്ചു.
ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി. ഫോണ്‍ വാങ്ങിനോക്കിയ വിഷ്ണു പണമാണെന്നു പറഞ്ഞ് ഒരുപൊതി ഫോണ്‍ നല്‍കിയയാൾക്കു കൈമാറി.
തുടർന്നു ഫോണുകളുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വില്പന നടത്തിയയാൾ ബഹളമുണ്ടാക്കിയതോടെ സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നിർദേശാനുസരണം എസ്ഐ ടി. ശ്രീജിത്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
ലഭിച്ച പൊതി തുറന്നു നോക്കിയപ്പോൾ നോട്ടിന്റെ അതേ വലുപ്പത്തിൽ മുറിച്ച പേപ്പർ കഷ്ണങ്ങളുടെ കെട്ടായിരുന്നു.
ഇയാൾക്കെതിരെ 2009ൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ വെട്ടുകേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.