കട്ടപ്പന: കണ്ടാൽ കുഞ്ഞനാണെങ്കിലും കാര്യത്തിൽ ആളു കേമനാണ്. കയറ്റവും ഇറക്കവും ഇവന് പ്രശ്നമല്ല. കട്ടപ്പന കാതകപ്പള്ളിയിൽ അനീഷ് ഓമനകുട്ടന്റെ ജീപ്പ് കണ്ടാൽ ആരും നോക്കിനിന്നുപോകും. സ്വന്തമായി നിർമിച്ച ഇലക്ട്രിക്കൽ ജീപ്പിന് ഒർജിനൽ ജീപ്പിന്റെ എല്ലാ സംവിധാനങ്ങളുമുണ്ട്.
കട്ടപ്പന ജംഗ്ഷനിൽ എക്സലന്റ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിക്കാരനായ അഭിലാഷ് എട്ടുമാസകൊണ്ടാണ് കുഞ്ഞൻ ജീപ്പ് ഉണ്ടാക്കിയത്. വൈദ്യുതിയിൽ ചർജുചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ജീപ്പിൽ രണ്ടുപേർക്ക് യാത്രചെയ്യാം. ഒരുമണിക്കൂർ ചാർജുചെയ്താൽ രണ്ടുമണിക്കൂർ യാത്രചെയ്യാം.
അഭിലാഷിന്റെ പിതാവ് ഓമനക്കുട്ടൻ കട്ടപ്പനയിൽ ജീപ്പിന്റെ ബോഡി നിർമിക്കുന്ന വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. ചെറുപ്പംമുതൽ ഇത് കണ്ടുവളർന്നതാണ് അഭിലാഷിന് ജീപ്പിനോട് അമിതമായ കന്പം തോന്നാൻ കാരണം.
ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലായിരുന്നു അഭിലാഷിന്റെ ജീപ്പു നിർമാണം. 80,000 രൂപയോളം ചെലവുവന്നു. ഭാര്യ അനീഷയും സുഹൃത്തുക്കളും എല്ലാവിധ പിൻതുണയും നൽകിയെന്നും അഭിലാഷ് പറഞ്ഞു.അന്തരീക്ഷ മലിനീകരണമില്ലാത്ത ഇലക്ട്രിക്കൽ ജീപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഭിലാഷ്.