കട്ടപ്പന: ജില്ലയ്ക്ക് അഭിമാനമായി കേരള ക്രിക്കറ്റ് അണ്ടർ 19 ടീമിൽ ഇടംനേടിയ കട്ടപ്പന വലിയപാറ സ്വദേശി നിർമൽ ജയ്മോന്റെ വേർപാടിൽ വിറങ്ങലിച്ച് കായിക ലോകം.
ചൊവ്വാഴ്ച രാത്രി തൊടുപുഴ മുട്ടത്തുണ്ടായ വാഹനാപകടത്തിലാണ് നിർമൽ മരിച്ചത്.
ഹൈറേഞ്ചിന്റെ മലമടക്കുകളിൽനിന്നും കഠിന പ്രയത്നംകൊണ്ട് കേരള ക്രിക്കറ്റ് അണ്ടർ 19 ടീമിൽ ഇടംനേടിയ നിർമൽ ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷയ്ക്കുപുറമേ അഭിമാനം കൂടിയായിരുന്നു.
നിർമലിന്റെ മരണവാർത്ത കട്ടപ്പന വലിയപാറ നിവാസികൾക്കൊപ്പം സംസ്ഥാനത്തെ ക്രിക്കറ്റ് ലോകവും ഞെട്ടലോടെയാണ് കേട്ടത്.
നിർമൽ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയ്മോൻ – എൽസി ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് നിർമൽ.
രാജക്കാട് എൻആർ സിറ്റി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്പോഴാണ് നിർമൽ ക്രിക്കറ്റിന്റെ ലോകത്തേക്ക് എത്തിയത്. തുടർന്ന് ജില്ലാ ടീമിലേക്കും കേരള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഫാസ്റ്റ് ബൗളർ എന്ന് കേരള ടീമിൽ അറിയപ്പെട്ടിരുന്ന നിർമലിന് ക്രിക്കറ്റ് എന്നും ലഹരിയായിരുന്നു. ഇന്ത്യൻ ടീമിൽ എത്തേണ്ട ക്രിക്കറ്ററെയാണ് തങ്ങളുടെ ഗ്രാമത്തിന് നഷ്ടമായതെന്ന് വലിയപാറ നിവാസികൾ പറയുന്നു.
തേനിയിൽ ഡിഗ്രി വിദ്യാർഥിനിയായ നിമയാണ് നിർമലിന്റെ സഹോദരി. അലൻ സഹോദരനാണ്. നിർമലിന്റെ സംസ്കാരം ഇന്ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.