കട്ടപ്പന: കെ എസ്ആർടിസി കട്ടപ്പന ഡിപ്പോ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നു. ഡിപ്പോയിലുണ്ടായിരുന്ന 15-ഓളം ജീവനക്കാർ മണ്ണിനടിയിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഡിപ്പോയുടെ പിൻഭാഗത്തുള്ള നൂറടിയോളം ഉയരമുള്ള മണ്‍തിട്ട രാത്രി ഒന്നരയോടെ ഇടിഞ്ഞു വീഴുകയായിരുന്നു.
മണ്ണിടിച്ചിൽ സാധ്യതയുണ്ടായിരുന്നതിനാൽ ഡിപ്പോയിലുണ്ടായിരുന്ന 34 ബസുകൾ ഇവിടെ നിന്നും വെള്ളിയാംകുടി പള്ളിമുറ്റത്തേക്ക് മാറ്റിയിരുന്നു. കണ്ട്രോളിംഗ് ഇൻസ്പെക്ടർമാരായ സി.ആർ.മുരളി, ഷിജുമോൻ എന്നിവരും ഓഫീസ്, ഗാരേജ് ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇവർ കാറിലും ബസിലുമായി വിശ്രമിക്കുന്നതിനിടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിയുന്ന ശബ്ദം കേട്ട് ഇവർ കെട്ടിടത്തിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവനക്കാർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരുടെ വാഹനങ്ങളുടെയും ബസുകളുടെയും മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിലിൽ ഗാരേജും വെയിറ്റിംഗ് ഷെഡും പൂർണമായും തകർന്നു. ഓഫീസ് കെട്ടിടം ഭാഗികമായി തകർന്നു.
കെട്ടിടവും ഡീസൽ പന്പും അപകട നിലയിലാണ്. ഡിപ്പോയ്ക്കു മുകളിൽ 150 മീറ്ററോളം ചുറ്റളവിലുള്ള കൂറ്റൻ തിട്ടയാണ് ഇടിഞ്ഞു താഴ്ന്നത്. അപകട ഭീഷണി നില നിൽക്കുന്നതിനാൽ ഇതിനു മുകൾഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ഡിപ്പോ തകർന്നതു മൂലം കോടികളുടെ നഷ്ടമാണ് കെ എസ്ആർടിസിക്കുണ്ടായത്.