കടുത്തുരുത്തി: തകര്ന്ന് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു റോഡരികില് കട്ടിലിലില് കിടന്ന് നാട്ടുകാരനായ യുവാവിന്റെ വേറിട്ട സമരം. റോഡിലൂടെ എത്തുന്നവര്ക്കു വിശ്രമിക്കാന് കട്ടില് എന്ന പേരിലായിരുന്നു സമരം നടത്തിയത്.
കടുത്തുരുത്തി-പെരുവ റോഡിന്റെ തകര്ച്ചയില് പ്രതിഷേധിച്ചാണു നാട്ടുകരനായ അലരി പ്ലാച്ചേരിതടത്തില് രഞ്ജുമോന് (37) ക്രിസ്മസ് ദിനത്തില് വേറിട്ട സമരം നടത്തിയത്. മുമ്പ് തിരുവോണദിനത്തില് ഇതേ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി റോഡിലെ വെള്ളക്കെട്ടില് തുണിയലക്കിയും രഞ്ജു ഒറ്റയാള് സമരം നടത്തിയിരുന്നു.
തകര്ന്ന റോഡിലൂടെ വണ്ടിയോടിച്ചെത്തുമ്പോള് നടുവിനു പരിക്കേല്ക്കുന്നവര്ക്കു വിശ്രമിക്കാന് കട്ടില് എന്നു കാണിക്കുന്ന ഫ്ളെക്സും സ്ഥാപിച്ചിരുന്നു. നാട്ടുകാരും സമരത്തിനു പിന്തുണയുമായെത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി.
ഗതാഗതത്തിനു തടസമുണ്ടാക്കരുതെന്ന പോലീസ് നിര്ദേശം പാലിച്ചായിരുന്നു സമരം. റോഡ് നന്നാക്കാന് പണമില്ലെങ്കില് സര്ക്കാരിനെ സഹായിക്കാന് കട്ടിലിന് സമീപം ഫണ്ട് സ്വീകരിക്കാന് ബക്കറ്റും സ്ഥാപിച്ചിരുന്നു. രാവിലെ പത്തിനു തുടങ്ങിയ സമരം ഒരു മണിക്കൂറോളം നീണ്ടു.