തൃശൂർ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണന് പരസ്യ ശാസന നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇന്നു രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
ഇരിങ്ങാലക്കുടയിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് എംഎൽഎയോട് വിശദീകരണം ചോദിക്കാനും വേണ്ട നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി എംഎൽഎയ്ക്കെതിരെ പരസ്യ ശാസന നൽകാൻ ശിപാർശ ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് ഇത് അംഗീകരിച്ചാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. എംഎൽഎ ഭാവിയിൽ പരിപാടികളിൽ പങ്കെടുക്കുന്പോൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. ആർഎസ്എസിന്റെ ബാനർ പ്രദർശിപ്പിച്ചിരുന്ന പരിപാടിയിലാണ് കെ.യു.അരുണൻ എംഎൽഎ പങ്കെടുത്ത് വിവാദത്തിൽപ്പെട്ടത്.