മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നൂറിലേറെ വീടുകളില്‍ കവര്‍ച്ച നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് സ്വദേശി പോലീസിന്റെ പിടിയിലായി. കുട്ടാപറമ്പ് കൊട്ടാപറമ്പില്‍ കെ.യു. മുഹമ്മദ് (37) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ 2009-ല്‍ ഇരിക്കൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇതിനുശേഷം ഇയാളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇയാള്‍ 70 പവന്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. 25 പവനും എട്ട് വാച്ചുകളും ഒരു ടാബും ഇയാളില്‍നിന്ന് കണ്ടെടുത്തു. വീട്ടിലെ കള്ള അറകളില്‍നിന്നാണ് ഇവ കണ്ടെടുത്തത്. റോഡരികിലെ വലിയവീടുകള്‍ കണ്ടെത്തി രാത്രിയില്‍ ഒറ്റയ്ക്കെത്തി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞയാഴ്ച കുന്ദമംഗലത്തും പരിസരങ്ങളിലുമായി ഇരുപതോളം വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നു.
ഇവിടുത്തെ മൂന്ന് വീടുകളില്‍നിന്നു മുപ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് നഷ്ടമായത്. നാലുമാസം മുമ്പ് കാരന്തൂര്‍ കൊളായ്ത്താഴം ഭാഗത്തുനിന്ന് 19 പവന്‍ കവര്‍ന്നിരുന്നു. രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന രണ്ടുവീടുകള്‍ ഇയാള്‍ക്കുണ്ടെന്ന് പോലീസ് പറഞ്ഞു. ആഡംബരകാറും 19 ഏക്കറിലധികം സ്ഥലവുമുണ്ട്. മുഹമ്മദിന് നാട്ടില്‍ ഫര്‍ണിച്ചര്‍കടയും കുട്ടാപറമ്പില്‍ പെട്രോള്‍ പമ്പുമുണ്ട്. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായാണ് നാട്ടില്‍ അറിയപ്പെടുന്നത്. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി. പൃഥ്വിരാജനും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കുന്ദമംഗലം എസ്.ഐ. എസ്. രജീഷ്, എ.എസ്.ഐ. ബാബു പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാഫി, സജിത്ത്, സി.പി.ഒ. അഖിലേഷ്, ഇ. രതീഷ്, ഇ. ബാബു, ഇ. സതീശന്‍ എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.